രണ്ട് വയസുകാരന്റെ കൈയിലിരുന്ന തോക്കില്‍നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു; പിതാവ് അറസ്റ്റില്‍

രണ്ട് വയസുകാരന്റെ കൈയിലിരുന്ന തോക്കില്‍നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു; പിതാവ് അറസ്റ്റില്‍

ഫ്‌ളോറിഡ: കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ കൈയില്‍നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി അമ്മ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. ഓഗസ്റ്റ് പതിനൊന്നിന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തിലാണ് പിതാവ് വിയോണ്‍ഡ്രെ അവേരി (22) അറസ്റ്റിലായത്. അലക്ഷ്യമായി തോക്ക് വീട്ടില്‍ സൂക്ഷിച്ചതിനാണ് അറസ്റ്റ് എന്ന് പോലീസ് വ്യക്തമാക്കി.

സൂം മീറ്റിങ് നടത്തുന്നതിനിടെയാണ് ഷമയ ലിന്‍ (21) വെടിയേറ്റ് മരിച്ചത്. മുറിയില്‍ കളിക്കുന്നതിനിടെ കുട്ടിക്ക് തോക്ക് ലഭിക്കുകയും അബദ്ധത്തില്‍ യുവതിക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. മീറ്റിങ്ങില്‍ പങ്കെടുത്ത സഹപ്രവര്‍ത്തക ലൈവായി സംഭവം കാണുകയും ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞതിന് പിന്നാലെ വിയോണ്‍ഡ്രെ അവേരി വീട്ടില്‍ എത്തിയെങ്കിലും ഭാര്യ മരിച്ചിരുന്നു. പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തു. തലയ്‌ക്കേറ്റ വെടിയാണ് യുവതിയുടെ മരണകാരണം.

സംഭവം നടക്കുമ്പോള്‍ അവേരി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസിന് വ്യക്തമായെങ്കിലും വീട്ടില്‍ അലക്ഷ്യമായി വെടിയുണ്ട നിറച്ച തോക്ക് സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്. കേസിന്റെ വിചാരണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കുട്ടികള്‍ അബദ്ധത്തില്‍ വെടിയുതിര്‍ക്കുന്ന സംഭവം യു.എസില്‍ ഇതാദ്യമല്ല. സമാനമായ നൂറിലധികം കേസുകളാണ് രാജ്യത്ത് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാഗിനുള്ളില്‍ നിന്ന് കിട്ടിയ തോക്കെടുത്ത് കളിച്ച രണ്ട് വയസുകാരന്‍ അബദ്ധത്തില്‍ സ്വയം വെടിവെച്ച് മരിച്ച സംഭവമുണ്ടായതും സെപ്റ്റംബര്‍ അവസാനമാണ്. ടെക്സാസിലായിരുന്നു സംഭവം. ഇക്കൊല്ലം 114 മരണങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മുതലുള്ള കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ വെടിയുതിര്‍ത്ത് 879 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.