ദൈവത്തിന്റെ സ്നേഹം നമ്മുടെ പാപങ്ങളെക്കാൾ വലുത്; മരണശിക്ഷയുടെ ഉപകരണമായിരുന്ന കുരിശ് നിത്യജീവൻ്റെ മാർഗം: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ മാർപാപ്പയുടെ സന്ദേശം

ദൈവത്തിന്റെ സ്നേഹം നമ്മുടെ പാപങ്ങളെക്കാൾ വലുത്; മരണശിക്ഷയുടെ ഉപകരണമായിരുന്ന കുരിശ് നിത്യജീവൻ്റെ മാർഗം: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ മാർപാപ്പയുടെ സന്ദേശം

വത്തിക്കാൻ സിറ്റി: പരിമിതികളില്ലാത്ത ദൈവസ്നേഹത്താലാണ് മരണശിക്ഷയുടെ ഉപകരണമായിരുന്ന കുരിശ് നിത്യജീവന്റെ മാർഗമായി മാറിയതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് വചന സന്ദേശം നൽകുകയായിരുന്നു പാപ്പ.

'വി.കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നതിലൂടെ നാം എന്താണ് അർത്ഥമാക്കുന്നത്'? ഈ ചോദ്യത്തോടെ പ്രസംഗം ആരംഭിച്ച പാപ്പ, അന്നേ ദിവസത്തെ വായനകളിൽനിന്ന് ഇതിന് ഉത്തരം കണ്ടെത്താൻ കഴിയുമെന്നും പറഞ്ഞു.
യേശുവും നിക്കൊദേമോസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്. നിക്കൊദേമോസ്, തനിക്ക് വെളിച്ചവും മാർഗദർശനവും ആവശ്യമുണ്ടെന്ന് തോന്നിയപ്പോൾ ദൈവത്തെ അന്വേഷിക്കുകയും നസറായനായ ഗുരുവിനെ സമീപിക്കുകയും ചെയ്തു.

യേശുവാകട്ടെ, നിക്കൊദേമോസിനെ സ്വാഗതം ചെയ്ത്, അവനെ ശ്രദ്ധയോടെ കേട്ടു. തുടർന്നു നടന്ന സംഭാഷണങ്ങളിൽ, തന്നിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കാൻ അവിടുന്ന് തക്കവിധം മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു എന്ന കാര്യം അവിടുന്ന് വെളിപ്പെടുത്തി. അക്കാര്യങ്ങൾ പൂർണമായി അപ്പോൾ മനസ്സിലായില്ലെങ്കിലും പിന്നീട്, യേശുവിൻ്റെ ക്രൂശീകരണ വേളയിൽ അവയെല്ലാം ഗ്രഹിക്കാൻ നിക്കൊദേമോസിന് സാധിച്ചു. സർപ്പദംശനമേറ്റ ഇസ്രായേൽക്കാരെ സുഖപ്പെടുത്താനായി മരുഭൂമിയിൽ മോശ ഉയർത്തിയ പിത്തള സർപ്പമെന്ന പ്രതീകം ഉപയോഗിച്ചാണ് തൻ്റെ രക്ഷാകര പ്രവൃത്തിയെ യേശു വിശദമാക്കിയത്.

ദൈവത്തിൽനിന്ന് നമ്മെ വേർപെടുത്താൻ ഒന്നിനുമാവില്ല

നമ്മുടെ ഉറ്റ സുഹൃത്തും ഗുരുവും വൈദ്യനും എല്ലാറ്റിലുമുപരി, മുറിയപ്പെടുന്ന ദിവ്യകാരുണ്യ അപ്പവുമായാണ് ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തിയത്. തൻ്റെ രക്ഷാകര പ്രവൃത്തി പൂർത്തിയാക്കാൻവേണ്ടി, അതിക്രൂരമായ മരണ ശിക്ഷയുടെ ഉപകരണമായിരുന്ന കുരിശിനെയാണ് അവിടുന്ന് ഉപയോഗിച്ചത്.

ദൈവസ്നേഹ പാരമ്യം വെളിപ്പെടുത്താനായി അവിടുന്ന് കുരിശിനെ ആശ്ലേഷിച്ചു. അതുവഴി കുരിശ് നിത്യജീവൻ്റെ മാർഗമായി പരിണമിക്കുകയും ചെയ്തു. ആ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളാണ് നാം ഇന്ന് ആഘോഷിക്കുന്നത്. ദൈവത്തിന് നമ്മോടുള്ള സ്നേഹം നമ്മുടെ പാപങ്ങളെക്കാളെല്ലാം വലുതാണ് എന്നാണ് അവിടുന്ന് ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നത് - പരിശുദ്ധ പിതാവ് വ്യക്തമാക്കി.

യേശുവിന്റെ രക്ഷാകരമായ സ്നേഹം നമ്മിൽ വേരൂന്നി വളരുന്നതിനും അവിടുന്ന് എല്ലാവർക്കുമായി തന്നെത്തന്നെ പൂർണമായി നൽകിയതുപോലെ നാമും പരസ്പരം ആത്മാർപ്പണം ചെയ്യാൻ പഠിക്കുന്നതിനും വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിൽ നമുക്ക് പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.