ഭൂതകാലത്തിലെ തെറ്റിദ്ധാരണകൾക്കും സംഘർഷങ്ങൾക്കും വർത്തമാനകാലത്തെ വെല്ലുവിളികൾക്കും ഉപരി കൂട്ടായ്മ കൈവരിക്കാൻ ശ്രമിക്കുക: ഇസ്താംബുളിലെ എക്യുമെനിക്കൽ പ്രാർത്ഥനാശുശ്രൂഷയിൽ മാർപാപ്പ

ഭൂതകാലത്തിലെ തെറ്റിദ്ധാരണകൾക്കും സംഘർഷങ്ങൾക്കും വർത്തമാനകാലത്തെ വെല്ലുവിളികൾക്കും ഉപരി കൂട്ടായ്മ കൈവരിക്കാൻ ശ്രമിക്കുക: ഇസ്താംബുളിലെ എക്യുമെനിക്കൽ പ്രാർത്ഥനാശുശ്രൂഷയിൽ മാർപാപ്പ

ഇസ്താംബുൾ: ക്രൈസ്തവ ഐക്യത്തിനായുള്ള പരിശ്രമങ്ങൾ തുടരണമെന്ന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. തുർക്കിയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ അവസാന ദിവസമായ ഞായറാഴ്ച എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനോടൊപ്പം ദിവ്യ ആരാധനയിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു പാപ്പാ.

ഇസ്താംബുളിലെ വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിലുള്ള പാത്രിയാർക്കൽ ദേവാലയത്തിൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പാ ആരാധനക്കായി എത്തിച്ചേർന്നത്. എക്യുമെനിക്കൽ പാത്രിയാർകേറ്റിലെ മെത്രാന്മാരുൾപ്പെടെയുള്ള നാനൂറിലധികം സൂനഹദോസ് അംഗങ്ങൾ സഭയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ ദിവസം നടത്തപ്പെട്ട ആരാധനയിൽ പങ്കെടുത്തു.

സഭാചരിത്രത്തിലെ ആദ്യ എക്യുമെനിക്കൽ സൂനഹദോസ് നടന്ന നിഖ്യായിലേക്ക് നടത്തിയ തീർത്ഥയാത്രയോടെ തുടങ്ങിയ തന്റെ തുർക്കി സന്ദർശനം വിശുദ്ധ അന്ത്രയോസിൻ്റെ തിരുനാൾ ദിനത്തിലെ ഈ ദിവ്യ ആരാധനയോടെ പര്യവസാനിക്കുന്നുവെന്ന് ലിയോ പാപ്പാ പരാമർശിച്ചു.

നിഖ്യായിലെ എക്യുമെനിക്കൽ പ്രാർഥനാശുശ്രൂഷ വിവിധ സഭാ തലവന്മാരെയും പ്രതിനിധികളെയും ഒരുമിച്ചു കൊണ്ടുവന്നു എന്ന കാര്യം പാപ്പാ പ്രത്യേകം അനുസ്മരിച്ചു. നിഖ്യാ-കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയപ്പെടുന്ന അതേ വിശ്വാസമാണ് നമ്മെ ഒരുമിപ്പിക്കുകയും യഥാർത്ഥ കൂട്ടായ്മയിലേക്ക് നയിക്കുകയും പരസ്പരം സഹോദരീസഹോദരന്മാരായി അംഗീകരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നതെന്ന് പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.

ഭൂതകാലത്തിൽ സംഭവിച്ചുപോയ നിരവധി തെറ്റിദ്ധാരണകൾക്കും ചില അവസരങ്ങളിലെ സംഘർഷങ്ങൾക്കും വർത്തമാനകാലത്തിലെ വെല്ലുവിളികൾക്കുമെല്ലാം ഉപരി, പൂർണമായ കൂട്ടായ്മ കൈവരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരണമെന്നും ക്രിസ്തുവിൽ പരസ്പരം സഹോദരീസഹോദരന്മാരായി കണക്കാക്കി സ്നേഹിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ഭാഗ്യസ്മരണാർഹരായ തന്റെ മുൻഗാമികൾ കത്തോലിക്കർക്കും ഓർത്തഡോക്സുകാർക്കും ഇടയിൽ വെട്ടിത്തുറന്ന അനുരഞ്ജനത്തിൻ്റെയും സമാധാനത്തിന്റെയും പാത, കൂടെക്കൂടെയുള്ള ആശയവിനിമയങ്ങളിലൂടെയും സാഹോദര്യ ഭാവത്തോടെയുള്ള കൂടിക്കാഴ്ചകളിലൂടെയും പ്രത്യാശാപരമായ ദൈവശാസ്ത്ര സംഭാഷണങ്ങളിലൂടെയും വളർത്തിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതിനുശേഷം ഉണ്ടായിട്ടുള്ള ഗണ്യമായ പുരോഗതി കണക്കിലെടുക്കുമ്പോൾ ഒരു പൂർണകൂട്ടായ്മയുടെ പുനഃസ്ഥാപനത്തിനായി നാം കൂടുതൽ പ്രതിജ്ഞാബദ്ധരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നു ലിയോ മാർപാപ്പ പറഞ്ഞു.

നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുകയും എല്ലാ ജനങ്ങളോടും കരുണയും സ്നേഹവും കാണിക്കുകയും നമ്മുടെ ക്രിസ്തീയമായ വിളിയോട് വിശ്വസ്തതയോടെ പ്രതികരിക്കുകയും ചെയ്യണമെന്ന് ഇരുസഭകളുടെയും നേതാക്കന്മാർ ഓർമിപ്പിച്ചു. പ്രത്യേകിച്ച്, യുദ്ധബാധിത മേഖലകളിൽ കത്തോലിക്കരും ഓർത്തഡോക്സുകാരും സമാധാനത്തിന്റെ വക്താക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്ന കാര്യം ഇരുവരും അടിവരയിട്ടു പറഞ്ഞു.

സമാധാനമെന്നത് മനുഷ്യപ്രയത്നത്തിന്റെ മാത്രം ഫലമല്ല, ദൈവത്തിന്റെ ദാനമാണെന്ന് നാം അംഗീകരിക്കണം. പ്രാർത്ഥന, പശ്ചാത്താപം, ധ്യാനം എന്നിവയിലൂടെ കർത്താവുമായി ജീവനുള്ള ഒരു ബന്ധം വളർത്തിയെടുക്കാനായാൽ, സമാധാനം പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും പ്രവർത്തികളും വിവേചിച്ചറിയാനും അങ്ങനെ സമാധാനത്തിന്റെ യഥാർത്ഥ ശുശ്രൂഷകരാകാനും നമുക്ക് സാധിക്കും.

നാം ഏവരും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചും പാപ്പാ തന്റെ ആശങ്കകൾ പങ്കുവച്ചു. ആത്മീയത അടിസ്ഥാനമാക്കിയുള്ള വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിലൂടെ മാത്രമേ സൃഷ്ടിയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ദിശാബോധം നമ്മിൽ രൂപപ്പെടുകയുള്ളൂ എന്ന് മാർപാപ്പ കൂട്ടിച്ചേർത്തു. തൻ്റെ ശുശ്രൂഷയുടെ കാലഘട്ടത്തിലുടനീളം പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് ഇക്കാര്യത്തിൽ ഉണ്ടായിരുന്ന ശുഷ്കാന്തിയെപ്പറ്റി പാപ്പാ എടുത്തുപറഞ്ഞു.

ആശയവിനിമയ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ ഒരു വെല്ലുവിളിയാണെന്നിരിക്കിലും, കത്തോലിക്കരും ഓർത്തഡോക്സുകാരുമായ വിശ്വാസികൾക്ക് അത് മഹത്തായ ഒരു അവസരം കൂടിയാണെന്ന് പാപ്പാ പറഞ്ഞു. സമഗ്രമായ മാനുഷിക വികസനത്തിന് ഉതകുന്ന വിധത്തിൽ പുതിയ സാങ്കേതികവിദ്യകൾ എല്ലാവർക്കും പ്രാപ്യമാക്കാനും അതിന്റെ പ്രയോജനം ചിലരുടെ താൽപര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും നമുക്ക് കഴിയണം.

പാത്രിയാർക്കീസ് ബർത്തലോമിയോയ്ക്ക് ആയുരാരോഗ്യങ്ങളും പ്രശാന്തതയും നേർന്നതോടൊപ്പം, സാഹോദര്യ മനോഭാവത്തോടെ തനിക്ക് നൽകിയ ഹൃദ്യമായ സ്വാഗതത്തിന് ലിയോ മാർപാപ്പ പാത്രിയാർക്കീസിന് നന്ദി പറയുകയും ചെയ്തു. സർവ്വരെയും വിശുദ്ധ അന്ത്രയോസ് ശ്ലീഹായ്ക്കും അദ്ദേഹത്തിന്റെ സഹോദരൻ വിശുദ്ധ പത്രോസിനും വിശ്രുത രക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസിനും നിഖ്യാ സുനഹദോസിൽ പങ്കെടുത്ത വിശുദ്ധരായ സഭാ പിതാക്കന്മാർക്കും പുരാതനവും പ്രൗഢവുമായ കോൺസ്റ്റാന്റിനോപ്പിളിലെ സഭയിലെ വിശുദ്ധരായ മെത്രാന്മാർക്കും ഭരമേല്പിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. അവരുടെ മാധ്യസ്ഥ്യത്തിലൂടെ കരുണയുടെ പിതാവായ ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ലിയോ മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.