അബുദാബി ആസ്ഥാനമായി പുതിയ മെഡിക്കൽ സ്‌കൂൾ

അബുദാബി ആസ്ഥാനമായി പുതിയ മെഡിക്കൽ സ്‌കൂൾ

യുഎഇയിലെ ഭാവി മെഡിക്കൽ പ്രൊഫഷണലുകളെ വാർത്തെടുക്കാൻ കാനഡയിലെ കാൽഗരി യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളും വിപിഎസ് ഹെൽത്ത്കെയറും കൈകോർത്തു

അബുദാബി: അന്താരാഷ്‌ട്ര നിലവാരത്തിൽ പരിശീലനം ലഭിച്ച ഡോക്ടർമാരെ യുഎഇയിൽ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കാനഡയിലെ പ്രശസ്തമായ കാൽഗരി സർവകലാശാലയിലെ കമ്മിംഗ് സ്‌കൂൾ ഓഫ് മെഡിസിനും പ്രമുഖ ആരോഗ്യസേവനദാതാവായ വിപിഎസ് ഹെൽത്ത്‌കെയറും കൈകോർത്തു. ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കും സാങ്കേതികവിദ്യാ വികാസത്തിനും അനുസൃതമായി വൈദഗ്ദ്യമുള്ള ഡോക്ടർമാരെ സൃഷ്ടിക്കുന്നതിനായാണ് പ്രധാന സ്ഥാപനങ്ങളുടെ പങ്കാളിത്തം. ഇതിന്റെ ഭാഗമായി വ്യതിരിക്തവും നൂതനവുമായ മെഡിക്കൽ വിദ്യാഭ്യാസ-ഗവേഷണ പരിപാടികൾ രൂപകൽപ്പന ചെയ്ത് നടപ്പാക്കും.

യുഎഇയിൽ മികച്ച ഹെൽത്ത്കെയർ പ്രൊഫഷണലുകൾക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകാനായി അബുദാബി ആസ്ഥാനമായി മെഡിക്കൽ സ്‌കൂൾ സ്ഥാപിക്കുകയെന്നതാണ് ആദ്യ പദ്ധതി. പുതിയ സ്കൂൾ ഓഫ് മെഡിസിൻ അബുദാബിക്ക് മാത്രമല്ല, യുഎഇയ്ക്കാകെ സാമ്പത്തിക സാമൂഹിക നേട്ടങ്ങൾ സൃഷ്ടിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ ഫൗണ്ടറും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു.

രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വിദേശത്തേക്ക് പോകാതെ തന്നെ അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാഭ്യാസവും പഠനാന്തരീക്ഷവും ലഭ്യമാക്കാനാണ് ശ്രമം. പരിശീലനം ലഭിച്ചവർ യുഎഇയിലെ ആരോഗ്യ മേഖലയുടെ ശേഷിയുയർത്തികൊണ്ട് ഇവിടെത്തന്നെ സേവനനിരതരാകും. യുഎഇയിലെ പൗരന്മാർക്ക് ഏറ്റവും മികച്ച ആരോഗ്യ വിദഗ്ദരുടെ സേവനം ലഭ്യമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ സ്‌കൂളിൽ മൂന്നു വർഷത്തെ എംഡി കോഴ്സും ലഭ്യമാക്കും. കാനഡയ്ക്കും യുഎസിനും പുറത്ത് ആദ്യമായാണ് കാൽഗരി സർവകലാശാല ഈ കോഴ്സ് ലഭ്യമാക്കാനൊരുങ്ങുന്നത്. ബിരുദ പഠനം പൂർത്തിയാക്കുന്നവർക്ക് വിപിഎസ് ഹെൽത്ത്‌കെയറിനു കീഴിലുള്ള 24 ആശുപത്രികളിലൊന്നിൽ റസിഡൻസി സ്ലോട്ടിലേക്ക് പ്രവേശനം നൽകും. മേഖലയിലെ ഡോക്ടർമാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

വിപിഎസ് ഹെൽത്ത്കെയറിന്റെ ബുർജീൽ മെഡിക്കൽ സിറ്റിയാണ് പ്രധാന അധ്യയനകേന്ദ്രമായി പ്രവർത്തിക്കുക. മെഡിക്കൽ സ്കൂളും പഠനകേന്ദ്രമായ ആശുപത്രിയും ഒരേ സ്ഥലത്തുള്ളത് പഠന സഹകരണവും വിവര കൈമാറ്റവും ത്വരിതപ്പെടുത്തും.
“മേഖലയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ സുപ്രധാന സ്വാധീനം ചെലുത്തുന്നതിന് കാൽഗറി സർവകലാശാലയ്ക്കും വിപിഎസ് ഹെൽത്ത്‌കെയറിനും കൂട്ടായി പ്രവർത്തിക്കാനുള്ള മികച്ച അവസരമാണിതെന്ന് കാൽഗറി സർവകലാശാലയിലെ പ്രൊവോസ്റ്റും വൈസ് പ്രസിഡന്റുമായ (അക്കാദമിക്) ഡോ. ടെറി ബാൽസർ പറഞ്ഞു.

സ്‌കൂൾ ഓഫ് മെഡിസിൻ സ്ഥാപക പ്രസിഡന്റ്, ഡീൻ, അധ്യാപകർ എന്നിവരെ കണ്ടെത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും. റിക്രൂട്ട്മെന്റ് പൂർത്തിയാക്കി അംഗീകാരം ലഭിച്ച ശേഷം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മൂന്നു വർഷത്തിനുള്ളിൽ ആദ്യ ബാച്ച് പുറത്തിറങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.