നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: ഇന്ധന വിലക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാള്‍ 37,500 രൂപ വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം.

കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തള്ളിയ കോടതി നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കാറിന്റെ അറ്റകുറ്റ പണിക്ക് ആറര ലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കൂടുതല്‍ വാദം കേള്‍ക്കാന്‍ 12ലേക്ക് മാറ്റി.

ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മരട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അതേസമയം വിവിധ ഇടങ്ങളിലെ സിനിമാ സെറ്റുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതിനെ എതിര്‍ത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി.

സിനിമാ വ്യവസായത്തെ തടസപ്പെടുത്തുന്ന തരത്തില്‍ സമരം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍ദ്ദേശിച്ചു. സിനിമയെ തടസപ്പെടുത്തിയാല്‍ നടപടിയുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.