യുഎഇ വീണ്ടും മഹാപൂരത്തിന് ആതിഥ്യമരുളുന്നു: 'മ്മടെ പൂരം 2021'

 യുഎഇ വീണ്ടും മഹാപൂരത്തിന് ആതിഥ്യമരുളുന്നു: 'മ്മടെ പൂരം 2021'

ദുബായ്: കോവിഡ് മഹാമാരിക്കുശേഷം യുഎഇ വീണ്ടും മഹാപൂരത്തിന് ആതിഥ്യമരുളുന്നു. 'മ്മടെ തൃശൂര്‍ കൂട്ടായ്മ' മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 17 വെള്ളിയാഴ്ച ദുബായ് ഇത്തിസലാത്ത് അക്കാദമിയിലാണ് തൃശൂര്‍ പൂരം അതിന്റെ തനിമ ചോരാതെ നടത്തുന്നത്. രാവിലെ 10 മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന പൂര ആഘോഷങ്ങളാണ് ഒരുക്കുന്നത്. തേക്കിന്‍കാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇത്തിസലാത്ത് അക്കാദമിയില്‍ വിവിധ പരിപാടികളും ആഘോഷങ്ങളും ഒരുക്കുന്നത്. പൂരക്കാലത്തെ തൃശ്ശൂരിനെ അനുസ്മരിപ്പിക്കുന്ന നിലപന്തലുകള്‍, തോരണങ്ങള്‍, ദീപാലങ്കാരങ്ങള്‍ നിറഞ്ഞ നടവഴികള്‍, പൂരച്ചന്തയും ഉള്‍പ്പെടെ തെക്കേ ഗോപുരനട ഉള്‍പ്പെടെയുള്ള ദൃശ്യാനുഭവങ്ങളോടെ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ട് പൂരപ്പറമ്പാകും.

രാവിലെ 10.30 ന് സദനം രാജേഷ് മാരാരുടെ നേതൃത്വത്തില്‍ യു.എ.ഇയിലെ 50 ലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തോടെയാണ് കൊടിയേറ്റം. പുതുപ്പരിയാരം സ്വാമിദാസ്, കല്ലൂര്‍ ശബരി, അന്നമനട രാജേഷ് എന്നിവര്‍ മേളത്തിന് മാറ്റുകൂട്ടും. അണിയിച്ചൊരുക്കിയ അഞ്ച് ഗജവീരന്‍മാരുടെ സാന്നിധ്യവുമുണ്ടാകും. ചലിക്കുന്ന ആനകളാണ് ഇത്തവണത്തെ പ്രത്യേകത. ആകെ അഞ്ച് ആനകളില്‍ രണ്ടെണ്ണത്തെ നാട്ടില്‍ നിന്നും ദുബായില്‍ എത്തിച്ചുകഴിഞ്ഞു. ഒരെണ്ണം റോബോട്ടിക് ആനയാണ്. അതിന്റെ നിര്‍മാണം ദുബായ് യില്‍ പുരോഗമിക്കുകയാണ്.

കുടമാറ്റത്തിനായി 50 ലേറെ വര്‍ണ്ണക്കുടകളും തയ്യാറാക്കികഴിഞ്ഞു. ഉച്ചക്ക് ഒരു മണിയോടെ മഠത്തില്‍ വരവിനെ ധന്യമാക്കുന്ന പഞ്ചവാദ്യം തുടങ്ങും. ഭരതം ദുബായുടെ 20 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. രണ്ട് മണിക്കാണ് 13 പേരടങ്ങുന്ന കരിയന്നൂര്‍ ബ്രദേഴ്‌സിന്റെ നാദസ്വരമേളം. കൂടാതെ ദേശപ്പൂരത്തിന്റെ ഗൃഹാതുരത നല്‍കുന്ന ഗോപുരക്കാവടി, താലപ്പൊലി കലാരൂപങ്ങള്‍, ശിങ്കാരിമേളം എന്നിവയും ഉണ്ടാകും. 3.30 ന് വടക്കുംനാഥന്റെ ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറുന്ന പാണ്ടിമേളം (ഇലഞ്ഞിത്തറമേളം) അരങ്ങേറും. കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍, കുഴലില്‍ വെളപ്പായ നന്ദനന്‍, കൊമ്പത്ത് അനില്‍, കൊമ്പത്ത് ചന്ദ്രന്‍, കുമ്മത്ത് രാമന്‍കുട്ടി എന്നിവരും അണിനിരക്കും. തുടര്‍ന്ന് തൃശ്ശൂരിന്റെ സാംസ്‌കാരികത്തനിമ തുറന്നുകാട്ടുന്ന ഘോഷയാത്രയും നടക്കും.

പുലികളിയുടെ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോകാന്‍ തൃശ്ശൂരില്‍ നിന്നും 25 ഓളം പുലികളെയെത്തിക്കും. കൂടാതെ ശിങ്കാരിമേളം, പുലിക്കളി, കാവടിയാട്ടം, തെയ്യം തുടങ്ങി വിവിധ കലാരൂപങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടും. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, സംഗീത വിസ്മയം തീര്‍ക്കാന്‍ തൈക്കൂടം ബ്രിഡ്ജും കടല്‍ കടന്നെത്തുന്ന ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന്റെ മാറ്റുകൂട്ടാനുണ്ട്. പൂരകച്ചവട കാഴ്ചകള്‍ നല്‍കുന്ന വിവിധ സ്റ്റാളുകളും കാഴ്ചകാര്‍ക്ക് വിരുന്നൊരുക്കും.

യു.എ.ഇയിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മഹാപൂരം നടത്തുന്നത്. കോവിഡ് മാനദണ്ഡങ്ങളോടെ ഇത്തവണ 7000 ത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍നിന്നുമെത്തുന്ന ഒട്ടേറെ കലാകാരന്‍മാരാണ് വിവിധ പരിപാടികളുടെ ഭാഗമാകുന്നത്. പൂരത്തിന് മുന്‍പുള്ള വെള്ളിയാഴ്ചകളില്‍ യു.എ.ഇയിലെ ഓരോ ഷോപ്പിങ് മാളുകളിലുമായി പൂരപ്പുറപ്പാട് എന്ന പേരില്‍ പരിപാടി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പൂരം ലോഗോയും ബ്രോഷറും പത്രസമ്മേളനത്തില്‍ പ്രകാശിപ്പിച്ചു. പൂരത്തോട് അനുബന്ധിച്ച് മ്മടെ തൃശൂര്‍ കൂട്ടായ്മ അംഗങ്ങളുടെ 19 കഥകളടങ്ങിയ 'കുട്ടി സ്റ്റോറീസ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

പത്രസമ്മേളനത്തില്‍ മ്മടെ തൃശ്ശൂര്‍ കൂട്ടായ്മ പ്രസിഡന്റ് രാജേഷ് മേനോന്‍, സെക്രട്ടറി ശശീന്ദ്രന്‍ മേനോന്‍, സമീര്‍ മുഹമ്മദ്, ദില്‍ന ദിനേശ്, ബാലു തറയില്‍, സന്ദീപ് പഴേരി, അജിത് തോപ്പില്‍, അനൂപ് അനില്‍ദേവന്‍, ജെ.കെ ഗുരുവായൂര്‍, ദിനേശ് ബാബു, ബസന്ത് കണ്ണോളി, ലദീപ്, രാഹുല്‍ മുരളി, ഇക്യുറ്റി പ്ലസ് പ്രതിനിധി ജൂബി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.