ചിന്താമൃതം "കൂടെ കിടക്കുന്നത് പട്ടിക്കുട്ടിത്തന്നെയോ?

ചിന്താമൃതം

ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ് പെറുവിലെ മാർക്കറ്റിൽ നിന്ന് ഒരു നല്ല പട്ടിക്കുട്ടിയെ സൊലേട്ടാ എന്ന വീട്ടമ്മ വാങ്ങിക്കൊണ്ട് വന്നത്. മൃഗ സ്നേഹിയായ തന്റെ മൂത്ത മകൻ ടോണിക്ക് ഒരു സമ്മാനമായാണ് അമ്മ ആ പട്ടിക്കുട്ടിയെ വാങ്ങിയത്.

ടോണിക്ക് സന്തോഷമായി അവൻ അതിന് റൺ എന്ന് പേരിട്ടു. ആദ്യമൊക്കെ ടോണിയുടെ പട്ടിക്കുട്ടികളുടെ കൂടെ ഓടിയും കളിച്ചും റൺ വളരെപെട്ടന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് റൺ വല്ലാത്ത അക്രമകാരിയായി. അടുത്ത വീട്ടിലെ താറാവിനെയും കോഴിയേയും ഓടിച്ച് പിടിക്കുക, കൂടെയുള്ള പട്ടിക്കുട്ടികളെ കടിക്കുക തുടങ്ങിയവ നിത്യ സംഭവമായി. ടോണിക്ക് ധാരാളം പട്ടിക്കുട്ടികൾ ഉണ്ടെങ്കിലും അടുത്ത വീട്ടുകാർക്ക് അതുകൊണ്ട് ഒരുപദ്രവവും ഉണ്ടായിരുന്നില്ല.

അവസാനം സഹികെട്ട നാട്ടുകാർ പോലീസിന് പരാതി കൊടുത്തു. പോലീസും ഇക്കോളജിക്കൽ പോലീസും പരിശോധനയ്ക്ക് വീട്ടിലെത്തിയപ്പോൾ റൺ അവിടെ നിന്ന് ഓടി എവിടേക്കോ രക്ഷപെട്ടു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പറഞ്ഞത് ഇതൊരു പട്ടിക്കുട്ടിയല്ല, മറിച്ച് മെലിഞ്ഞ കാലുകളുള്ള പട്ടിയോട് സാമ്യവുമുള്ള ആന്റിയൻ വംശത്തിൽപ്പെട്ട കുറുക്കനാണ്. വനം വകുപ്പിന്റെ സഹായത്തോടെ പോലീസ് റൺ എന്ന കുറുക്കൻ കുട്ടിക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. കിട്ടിയാൽ ഉടൻ അവനെ മൃഗശാലയിൽ അടയ്ക്കുമെന്നാണ് പോലീസ് പറയുന്നത്.

വളരെ വിചിത്രമായ ഒരു സംഭവമാണെങ്കിലും നമ്മുടെ പരിസരങ്ങളിൽ പതിവായി നടക്കുന്ന സംഭവങ്ങളുടെ വേറൊരു പതിപ്പാണിതെന്ന് പറയാം. കൂടെ നടക്കുന്നവന്റെ ഉള്ളിൽ നന്മയാണോ തിന്മയാണോ എന്ന് പലപ്പോഴും തിരിച്ചറിയാൻ നമുക്ക് സാധിക്കാതെ പോകുന്നു. സ്നേഹനിധിയെന്ന് കരുതിയ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചും പീഡിപ്പിച്ചും വിഷം കൊടുത്തുമൊക്കെ കൊല്ലുമ്പോൾ അയാളിലെ ദുഷ്ട ജന്തുവിനെ തിരിച്ചറിയാൻ സാധിക്കാതെ പോയ ഭാര്യയെ ഓർത്ത് സഹതപിക്കാനേ നമുക്ക് സാധിക്കു. ജീവനു തുല്യം സ്നേഹിച്ച് തന്റെ സമ്പാദ്യങ്ങൾ മുഴുവൻ നൽകിയ ഭാര്യ ഇന്നലെ കണ്ടവന്റെ കൂടെ നാടുവിടുമ്പോൾ അവളിലെ ജന്തുവിനെ തിരിച്ചറിയാത്ത ഭർത്താവ് എന്തേറേ ദുഃഖിക്കുന്നുണ്ടാവും.

നന്മയും തിന്മയും നാം ഉൾപ്പടെ എല്ലാ മനുഷ്യരിലും ഉണ്ട്. തിന്മയ്ക്ക് മേൽ നന്മയെ കുടിയിരുത്താൻ കഴിയാത്ത മനുഷ്യൻ പിന്നെ ആ പേരിന് അർഹനല്ല. അവൻ മൃഗമാണ്. നന്മയുള്ളവരോടൊപ്പം സഹവസിക്കണമെന്നും ചീത്ത കൂട്ടുകൾ ഉപേക്ഷിക്കണമെന്നും മുതിർന്നവർ പറഞ്ഞു തന്നിരുന്നത് ഇത് കൊണ്ടാണ്. നല്ല കാഴ്ചകളും നല്ല വായനകളും നല്ലവരോടൊത്തുള്ള സംസർഗ്ഗവും നമ്മിലെ നന്മയെ വളർത്താനും തിന്മയെ തകർക്കാനും ഉപകരിക്കപ്പെടും. അതോടൊപ്പം തനിക്കൊപ്പമുള്ളവർ പട്ടിക്കുട്ടിയാണോ കുറുക്കൻ കുഞ്ഞാണോ എന്ന് ഒന്ന് ജാഗ്രതയോടെ വിവേകത്തോടെ പരിശോധിക്കുന്നതും നന്നായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.