ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍: ചരിത്രപരമായ പ്രതിരോധ ഇടപാടിന് അനുമതിയായി; നേരിട്ട് വാങ്ങുന്നത് 18 എണ്ണം, ബാക്കി ഇന്ത്യയില്‍ നിര്‍മിക്കും

ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍: ചരിത്രപരമായ പ്രതിരോധ ഇടപാടിന് അനുമതിയായി; നേരിട്ട് വാങ്ങുന്നത് 18 എണ്ണം, ബാക്കി ഇന്ത്യയില്‍ നിര്‍മിക്കും

കരാര്‍ പ്രകാരം 88 സിംഗിള്‍ സീറ്റ്, 26 ട്വിന്‍ സീറ്റ് റഫാലുകളാണ് ഇന്ത്യ വാങ്ങുക.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതിയായി. ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.

ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്ത് കൂട്ടാന്‍ 3.25 ലക്ഷം കോടി രൂപ ചെലവ് വരുന്ന 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഈ മാസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി വളരെ പെട്ടന്നു തന്നെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ കരാറിന് അനുമതി നല്‍കുകയായിരുന്നു.

മൂന്നേകാല്‍ ലക്ഷം കോടി രൂപ വിലമതിക്കുന്ന വമ്പന്‍ കരാര്‍ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടുകളിലൊന്നാകും. അതിര്‍ത്തികളിലെ സുരക്ഷാ വെല്ലുവിളികള്‍ വര്‍ധിക്കവേ വ്യോമ സേനയില്‍ നിലവില്‍ 29 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ മാത്രമാണുള്ളത്. ഇത് അംഗീകൃത ശേഷിയായ 42 നിന്ന് ഗണ്യമായി കുറവാണ്. ഈ വിടവ് നികത്താനാണ് പുതിയ വാങ്ങല്‍.

കരാര്‍ പ്രകാരം ലഭ്യമാകുന്ന 114 റഫേല്‍ യുദ്ധ വിമാനങ്ങളില്‍ 18 വിമാനങ്ങള്‍ പറക്കാന്‍ സജ്ജമായ നിലയില്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് വാങ്ങും. ബാക്കിയുള്ളവ 'മേക്ക് ഇന്‍ ഇന്ത്യ'യുടെ കീഴില്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.

കരാര്‍ പ്രകാരം 88 സിംഗിള്‍ സീറ്റ്, 26 ട്വിന്‍ സീറ്റ് റഫാലുകളാണ് ഇന്ത്യ വാങ്ങുക. ഫ്രഞ്ച് നിര്‍മാതാക്കളായ ദസൊ ഏവിയേഷന്‍, പ്രാദേശിക ഉല്‍പാദനത്തിനും അസംബ്ലിങിനുമായി ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ കമ്പനികളുമായി പങ്കാളികളാകാന്‍ സാധ്യതയുണ്ട്. ഇത് തദ്ദേശീയ വിമാന നിര്‍മാണശേഷി വര്‍ധിപ്പിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.