യുഎസ് കുടിയേറ്റ നിയന്ത്രണം കടുക്കുന്നു: ആഗോളതലത്തിൽ വിസാ അഭിമുഖങ്ങൾ നിർത്തിവെച്ചു; എച്ച്-1ബി ഫീസ് കുത്തനെ കൂട്ടി

യുഎസ് കുടിയേറ്റ നിയന്ത്രണം കടുക്കുന്നു: ആഗോളതലത്തിൽ വിസാ അഭിമുഖങ്ങൾ നിർത്തിവെച്ചു; എച്ച്-1ബി ഫീസ് കുത്തനെ കൂട്ടി

വാഷിങ്ടൺ: യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടികൾ. കുടിയേറ്റ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിലുള്ള അമേരിക്കൻ എംബസികളിലും കോൺസുലേറ്റുകളിലും വിസാ അഭിമുഖങ്ങളും മറ്റ് നടപടിക്രമങ്ങളും താൽക്കാലികമായി നിർത്തിവെച്ചു. വിദഗ്ധരായ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (ഏകദേശം 98 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.

വിസാ അഭിമുഖത്തിനായി സമയം ലഭിച്ച് കാത്തിരുന്ന അപേക്ഷകർക്ക് അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ചുകൊണ്ടുള്ള ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. അഭിമുഖത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. എങ്കിലും നടപടിക്രമങ്ങൾ എത്ര കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നു എന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തതയില്ല.

അതേസമയം എല്ലാ രാജ്യങ്ങളിലെയും യുഎസ് എംബസി ജീവനക്കാർക്കായി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിദേശകാര്യ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

2025 ൽ അധികാരമേറ്റതുമുതൽ കുടിയേറ്റക്കാർക്കെതിരെ കർശന നിലപാടാണ് രണ്ടാം ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. വിസകളും ഗ്രീൻ കാർഡുകളും റദ്ദാക്കുക, അപേക്ഷകൾ തള്ളിക്കളയുക തുടങ്ങിയ കടുത്ത നടപടികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

നിലവിലുള്ള ഫീസുകൾക്ക് പുറമേയാണ് എച്ച്-1ബി വിസാ അപേക്ഷകൾക്ക് ട്രംപ് ഭരണകൂടം ലക്ഷം ഡോളറിലധികം അധിക ഫീസ് ചുമത്തിയത്. യുഎസ് സർവകലാശാലകളിൽനിന്ന് മാസ്റ്റേഴ്‌സോ അതിനുമുകളിലോ യോഗ്യത നേടിയവർക്കുള്ള 'അഡ്വാൻസ്ഡ് ഡിഗ്രി എക്‌സംപ്ഷൻ' വിഭാഗത്തിലുള്ള അപേക്ഷകൾക്കും ഈ ഉയർന്ന ഫീസ് ബാധകമാണ്. എച്ച്-1ബി വിസയുടെ 70 ശതമാനത്തോളം ഗുണഭോക്താക്കളും ഇന്ത്യക്കാരാണെന്നതിനാൽ, ഈ തീരുമാനം ഇന്ത്യൻ പ്രൊഫഷണലുകളെ സാരമായി ബാധിക്കും.

സാധാരണ വിഭാഗത്തിൽ പ്രതിവർഷം 65,000 എച്ച്-1ബി വിസകളും യുഎസിൽ നിന്ന് ഉന്നത ബിരുദം നേടിയവർക്കായി 20,000 വിസകളുമാണ് അനുവദിക്കുന്നത്. ഈ 85,000 അപേക്ഷകളെയാണ് പുതിയ നിർദേശം പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സമർപ്പിക്കുന്ന അപേക്ഷകൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷാ പരിശോധനയ്ക്കും ഫെഡറൽ ഏജൻസികളുടെ പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഫീസ് ഏർപ്പെടുത്തുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇതുവഴി പ്രതിവർഷം ഏകദേശം 880 കോടി ഡോളർ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്.

പുതിയ നിർദേശവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ നിന്ന് 30 ദിവസത്തിനകം അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ഏർപ്പെടുത്തിയ ഫീസ് കോടതി ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.