ന്യൂഡല്‍ഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്താനുള്ള തീരുമാനത്തിനെതിരെ രാജ്യത്തെ വ്യാപാരികള്‍ രംഗത്ത്. 2020 മുതല്‍ നിലനിന്നിരുന്ന നിരക്കില്ലാത്ത സംവിധാനം ഇല്ലാതാകുന്നത് തങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ബാധ്യത ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ ഉപേക്ഷിച്ച് വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങുമെന്നാണ് കച്ചവടക്കാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ചില പ്രധാന വിപണികളില്‍ ക്യാഷ് പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വ്യാപാര സംഘടനകള്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കട ഉടമകള്‍ക്ക് പുതിയ ചാര്‍ജ് സഹിക്കാനാവാത്ത ബാധ്യതയാകും. നിലവില്‍ ജിഎസ്ടിയും മറ്റ് സര്‍വീസ് ചാര്‍ജുകളും നല്‍കുന്നതിന് പുറമെ യുപിഐക്ക് കൂടി നിരക്ക് വരുന്നത് വ്യാപാരികള്‍ക്ക് വലിയ പ്രഹരമാണ്. നിലവില്‍ ചെറിയ ശതമാനത്തില്‍ തുടങ്ങുന്ന ഈ ചാര്‍ജ് ഭാവിയില്‍ വീണ്ടും വര്‍ധിപ്പിച്ചേക്കാമെന്ന ഭയവും തുടക്കത്തിലേയുള്ള പ്രതിഷേധത്തിന് കാരണമാകുന്നു. പ്രതിമാസം ഒരു ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ള ചെറുകിട വ്യാപാരികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഉയര്‍ന്ന തുകയുടെ കച്ചവടം നടക്കുന്ന മേഖലകളില്‍ ഈ നീക്കം വലിയ സ്വാധീനം ചെലുത്തും.
മൊത്ത വ്യാപാരികള്‍ ചെക്കുകളിലേക്കും മറ്റ് പരമ്പരാഗത ബാങ്കിങ് രീതികളിലേക്കും മാറാന്‍ ആലോചിക്കുന്നുണ്ട്. നിയമ പ്രകാരം കച്ചവടക്കാര്‍ ഈ ചാര്‍ജ് ഉപയോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കാന്‍ പാടില്ലെങ്കിലും തങ്ങളുടെ ലാഭം കുറയുമ്പോള്‍ സാധനങ്ങളുടെ വില പരോക്ഷമായി കൂട്ടാന്‍ ഇത് ഇടയാക്കും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന ഘട്ടത്തില്‍ നടപ്പിലാക്കിയ ഈ പുതിയ തീരുമാനം വിപണിയില്‍ എന്ത് തരത്തിലുള്ള മാറ്റമുണ്ടാക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.