ലോകത്തെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. പതിനാല് ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികമാണ് ഇതിന്റെ വ്യാപ്തി. വര്‍ഷത്തില്‍ ഭൂരിഭാഗ സമയവും ഇവിടുത്തെ താപനില പൂജ്യത്തിന് താഴെയാണ്. ലോകത്തിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ വ്യത്യസ്തതയുള്ള അന്റാര്‍ട്ടിക്കയുടെ രസകരമായ വസ്തുതകള്‍ എന്തെല്ലാമെന്ന് നോക്കാം.
ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലമാണ് അന്റാര്‍ട്ടിക്കയിലെ 'ഡ്രൈ വാലിസ്'. ഭൂഖണ്ഡത്തിലെ ഈര്‍പ്പം കുറഞ്ഞ ഭാഗമായതിനാല്‍ മഞ്ഞിനോ ഐസിനോ ഇവിടെ അടിഞ്ഞു കൂടാന്‍ സാധിക്കില്ല. അങ്ങനെയാണ് ഈ പ്രദേശം വരണ്ട പ്രദേശമായി മാറുന്നത്. ഭൂമിയില്‍ ഏറ്റവും കാറ്റുള്ള പ്രദേശവും അന്റാര്‍ട്ടിക്കയാണ്. ഇവിടുത്തെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 200 മൈല്‍ വരെയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ നാല് മീറ്ററോളം കട്ടിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐസ് പാളിയാണ് അന്റാര്‍ട്ടിക്ക ഐസ് ഷീറ്റ്. ഭൂമിയിലെ മൊത്തം ശുദ്ധ ജലത്തിന്റെ 70 ശതമാനവും ഈ ഭൂഖണ്ഡത്തിലാണ് ഉള്ളത്. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക് ഐസ് ഷീറ്റ് ഉരുകിയാല്‍ ആഗോള സമുദ്രനിരപ്പ് 16 അടി വരെ ഉയരുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
അന്റാര്‍ട്ടിക്കയിലെ ഏറ്റവും രസകരമായ മറ്റൊരു വസ്തുത, അന്റാര്‍ട്ടികയുടെ ഐസ് പാളിയ്ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഒരു തടാകമാണ്. വോസ്റ്റോക്ക് തടാകം എന്നാണ് ഇത് അറിയപ്പെടുന്നത്. ഒന്റാറിയോ തടാകത്തിന്റെ വലുപ്പമുള്ള ഈ തടാകം ഈ ഹിമപാളിയ്ക്കടിയില്‍ 200 ശാഖകളായി കാണപ്പെടുന്നു.
1979 ജനുവരിയില്‍ അന്റാര്‍ട്ടിക്കയില്‍ ജനിച്ച ആദ്യത്തെ മനുഷ്യനാണ് എമിലി മാര്‍ക്കോ പല്‍മ. ഇവരെ കൂടാതെ വേറെ പത്തുപേര്‍ കൂടി ഇവിടെ ജനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്റാര്‍ട്ടികയുടെ മറ്റൊരു പ്രത്യേകത ഭൂമി ചെരിഞ്ഞിരിക്കുന്നതിനാല്‍ അന്റാര്‍ട്ടിക്കയില്‍ സൂര്യന്‍ ഉദിക്കില്ല എന്നതാണ്. ശൈത്യകാലം മുഴുവന്‍ ഈ ഭൂഖണ്ഡം ഇരുണ്ടതായിരിക്കും. അതേസമയം വേനല്‍ക്കാലത്ത് അന്റാര്‍ട്ടിക്കയില്‍ സൂര്യന്‍ അസ്തമിക്കുകയുമില്ല എന്നതമാണ് ഏറ്റവും വലിയ പ്രത്യേകത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.