വിസ്മയയെ കുത്തി കൊലപ്പെടുത്തിയതിനു ശേഷം കത്തിച്ചു: കുറ്റസമ്മതം നടത്തി സഹോദരി

വിസ്മയയെ കുത്തി കൊലപ്പെടുത്തിയതിനു ശേഷം കത്തിച്ചു: കുറ്റസമ്മതം നടത്തി സഹോദരി

കൊച്ചി: പറവൂരില്‍ തീപ്പൊള്ളലേറ്റ് മരിച്ച വിസ്മയയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. വഴക്കില്‍ നിന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്നാണ് ജിത്തുവിന്റെ മൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ ജിത്തു വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

കാക്കനാട് ഒളിവില്‍ കഴിയവെയാണ് ജിത്തു പിടിയിലായത്. സംഭവത്തില്‍ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പറവൂരില്‍ വീടിനുള്ളില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച വിസ്മയയുടെ ശരീരത്തില്‍ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പെണ്‍കുട്ടിയുടെ ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞതിനിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത്തെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് പറവൂരിനെ നടുക്കിയ സംഭവമുണ്ടായത്. പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.