പെര്‍ത്ത്: കാലാവസ്ഥ വ്യതിയാനം ഓസ്‌ട്രേലിയയിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലും ചൂടിന്റെ തീവ്രത വര്‍ധിപ്പിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു ചെറു പട്ടണത്തില്‍ കഴിഞ്ഞ ദിവസം താപനില 62 വര്‍ഷത്തിനിടെ ഏറ്റവും ഉയരത്തിലെത്തിയിരുന്നു-50.7 ഡിഗ്രി സെല്‍ഷ്യസ്. ഈ താപനില വലിയ നഗരങ്ങളിലേക്കും വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
ആഗോളതാപനം രണ്ടു ഡിഗ്രിയില്‍ താഴെ നിലനിര്‍ത്തിയാല്‍ പോലും സിഡ്നിയും മെല്‍ബണും ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വരും വര്‍ഷങ്ങളില്‍ 50 ഡിഗ്രി താപനിലയെ നേരിടേണ്ടി വരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. 2020 ജനുവരിയില്‍ സിഡ്നിയുടെ സമീപപ്രദേശമായ പെന്റിത്തില്‍ താപനില 48.9 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ഇത് ഇനിയും വര്‍ധിച്ചേക്കും.
1960-നു ശേഷം റെക്കോര്‍ഡ് താപനില
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഓണ്‍സ്ലോ ടൗണില്‍ വ്യാഴാഴ്ച്ച രേഖപ്പെടുത്തിയത് രാജ്യത്തെ റെക്കോര്‍ഡ് താപനിലയാണ്. 50.7 ഡിഗ്രി സെല്‍ഷ്യസ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയത് 1960 ജനുവരിയില്‍ സൗത്ത് ഓസ്ട്രേലിയയിലെ ഊഡ്നദാത്തയിലാണ്. 62 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇത്രയും തീക്ഷണമായ കാലാവസ്ഥയെ നേരിടുന്നത്.
കാലാവസ്ഥാ കണക്കുകള്‍ ശാസ്തീയമായി ശേഖരിക്കാന്‍ തുടങ്ങിയ ശേഷം ഓസ്ട്രേലിയയിലെ ഒരു പ്രദേശത്ത് 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില രേഖപ്പെടുത്തുന്ന നാലാമത്തെ ദിവസമായിരുന്നു വ്യാഴാഴ്ച്ച.
പെര്‍ത്തില്‍ നിന്ന് 1,400 കിലോമീറ്റര്‍ മാറി പില്‍ബാരയിലെ കടല്‍ത്തീര പ്രദേശമാണ് ഓണ്‍സ്ലോ. സമുദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ സാധാരണയായി ഊഷ്മളമായ കാലാവസ്ഥയാണു ലഭിേക്കണ്ടത്. എന്നാല്‍ ചൂടിന്റെ കാഠിന്യം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. അതേസമയം ചുട്ടുപൊള്ളുന്ന കാലാവസ്ഥയ്ക്ക് കുപ്രസിദ്ധിയുള്ള, കടല്‍ത്തീരത്തു നിന്ന് ഏറെ അകലെയുള്ള മാര്‍ബിള്‍ ബാറില്‍ വേനല്‍ക്കാലത്ത് 49.6 ഡിഗ്രിയാണു രേഖപ്പെടുത്തിയത്.
ഡിസംബറിന്റെ രണ്ടാം പകുതി മുതല്‍ പില്‍ബാരയിലെ പല മേഖലകളും ശക്തമായ ഉഷ്ണതരംഗത്തെയാണ് നേരിടുന്നത്. ചൂട് പണ്ടത്തേതിലും തീവ്രവും നീണ്ടുനില്‍ക്കുന്നതുമാണ്.
'വല്ലാത്ത' ചൂടിലേക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍
ജീവനു തന്നെ ഭീഷണിയായ അപകടകരമായ താപനില പക്ഷേ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിഭാസങ്ങളും ഓസ്ട്രേലിയയുടെ കൂടുതല്‍ സംസ്ഥാനങ്ങളെ വരും വര്‍ഷങ്ങളില്‍ പൊള്ളിക്കുമെന്നാണ് പ്രവചനം.
പകല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂട് ഓസ്ട്രേലിയക്കാര്‍ക്കു ശീലമായിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്താകമാനം താപനില വര്‍ധിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയയും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
1980-കളെ അപേക്ഷിച്ച് 50 ഡിഗ്രിക്കു മുകളിലുള്ള ദിവസങ്ങളുടെ എണ്ണം ഇരട്ടിയാവുകയാണ്. ഓസ്ട്രേലിയയില്‍ മാത്രമല്ല, പാകിസ്താന്‍, ഇന്ത്യ, ഗള്‍ഫ് എന്നിവിടങ്ങളിലെ നഗരങ്ങളിലും ഈ അപകടകരമായ താപനില ഇപ്പോള്‍ പതിവായി രേഖപ്പെടുത്തുന്നുണ്ട്. ഇത് അനുഭവിക്കേണ്ടി വരുന്ന സാധാരണക്കാരുടെ ആരോഗ്യത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നു.
ചൂടിനു കാരണം?
ചൂടുള്ള മേഖലകളില്‍നിന്നുള്ള കാറ്റ് സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കു വീശുന്നത് അസാധാരണമായ താപനിലയ്ക്കു കാരണമാകുന്നുണ്ട്. നവംബര്‍ മുതല്‍ മഴ തീരെയില്ലാത്ത പ്രദേശത്തു നിന്നാണ് കാറ്റ് വീശുന്നത്. ഇത് അന്തരീക്ഷത്തെ വരണ്ടതാക്കുന്നു.
രാവിലെയും ഉച്ചകഴിഞ്ഞുമാണ് താപനില ഉയരുന്നത്. ഓണ്‍സ്ലോയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30-നാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തിയത്.
പില്‍ബാര മേഖല
ഓസ്ട്രേലിയയുടെ കാലാവസ്ഥയ്ക്ക് പസഫിക് സമുദ്രവുമായി ഏറെ ബന്ധമുണ്ട്. ലാ നിനാ പ്രതിഭാസം ദുര്‍ബലമാകുന്നതാണ് ചൂട് വര്‍ധിക്കാന്‍ കാരണം. സമുദ്രോപരിതലത്തിലെ ഉൗഷ്മാവ് സാധാരണയിലും തണുക്കുന്നതാണ് ലാ നിന. ഓസ്ട്രേലിയന്‍ കാലാവസ്ഥയില്‍ ലാ നിനയുടെ സ്വാധീനം ശക്തമാകുന്നത് വസന്തകാലത്താണ്. കഴിഞ്ഞ നവംബറില്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ ഭാഗത്ത് മഴയും തണുപ്പും അസാധാരണമാം വിധം അനുഭവപ്പെട്ടിരുന്നു. വേനല്‍ക്കാലത്ത് ലാ നിനയും ഓസ്ട്രേലിയയുടെ കാലാവസ്ഥയും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു.
വേനലില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ കൊടും ചൂടും ക്വീന്‍സ് ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും പതിവാണ്.
അതേസമയം 50 ഡിഗ്രിയില്‍ കൂടുതലുള്ള താപനില വളരെ അപൂര്‍വമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വര്‍ധിക്കുന്ന താപനിലയില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 1910 മുതല്‍ ഓസ്ട്രേലിയയില്‍ ഏകദേശം 1.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയിട്ടുണ്ട്. ആഗോള ശരാശരിയായ 1.1 ഡിഗ്രിയേക്കാള്‍ വളരെ കൂടുതലാണ്.
ഓസ്ട്രേലിയയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളില്‍ ജനവാസം കുറവാണ്. അതിനാല്‍, 50 ഡിഗ്രി താപനില ആരെയും തല്‍ക്കാലം ആശങ്കപ്പെടുത്തുന്നില്ല. എന്നാല്‍ ചൂട് നിലനില്‍ക്കുന്നതിനാല്‍, വരും നാളുകളില്‍ രാജ്യത്തുടനീളം താപനിലയുടെ തീവ്രത വര്‍ധിച്ചേക്കാമെന്നാണ് നിഗമനം. നഗരപ്രദേശങ്ങളിലെ റോഡുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താപനില വര്‍ദ്ധിപ്പിക്കുകയും ജീവജാലങ്ങള്‍ക്ക് അപകടകരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.
കുറയ്ക്കണം കാര്‍ബണ്‍ പുറന്തള്ളല്‍
ഹരിതഗൃഹ വാതക ഉദ്വമനവും, ആഗോള താപനിലയും, ഓസ്ട്രേലിയന്‍ ചൂടിന്റെ തീവ്രതയും സങ്കീര്‍ണമാം വിധം കൂടിക്കുഴഞ്ഞാണിരിക്കുന്നത്. ഭൂമിയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന 2.7 ഡിഗ്രിയിലേക്കുള്ള പാതയിലാണ് നാം. അടുത്ത ദശകത്തില്‍ ഹരിതഗൃഹ വാതക ഉദ്വമനം അടിയന്തരമായി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതു കാണിക്കുന്നത്. പ്രത്യേകിച്ച് ഓസ്‌ട്രേലിയ. ആഗോള താപനത്തിനു കാരണമായ കാര്‍ബണ്‍ പുറന്തള്ളലില്‍ മറ്റു വികസിത രാജ്യങ്ങള്‍ക്കൊപ്പം ഓസ്‌ട്രേലിയയും മുന്നിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26