വൈദികന്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടി; 42കാരന്‍ പൊലീസ് പിടിയില്‍

വൈദികന്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടി; 42കാരന്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: വൈദികന്‍ ചമഞ്ഞ് വിധവയായ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ ആള്‍ പിടിയില്‍. പള്ളിയില്‍ നിന്നു ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കാഞ്ഞിരംകുളം ചാണി പണ്ടാരവിള കനാല്‍ കോട്ടേജില്‍ ഷിബു എസ്. നായരാ(42)ണ് അറസ്റ്റിലായത്. കുന്നത്തുകാല്‍ മാണിനാട് കുണ്ടറത്തല വിളാകം വീട്ടില്‍ പരേതനായ ബെഞ്ചമിന്റെ ഭാര്യ ശാന്തയെ(64) കബളിപ്പിച്ച് 14,700 രൂപയാണ് തട്ടിയെടുത്തത്. ജനുവരി 29നാണ് സംഭവം.

ബൈക്കിലെത്തിയ ഇയാള്‍ മണിവിള പള്ളിയിലെ പുരോഹിതനാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. നിര്‍ധന വിധവകള്‍ക്ക് ഇടവക ധന സഹായമായി 10 ലക്ഷം രൂപ നല്‍കുന്നുണ്ടെന്നും ശാന്തയുടെ പേരും ഈ പട്ടികയില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചു. തുക ലഭിക്കാനായി ഇടവകയുടെ അനാഥ മന്ദിര ഫണ്ടിലേക്ക് 14,700 രൂപ മുന്‍കൂറായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഒരു മാസത്തിന് മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ചികിത്സ നടത്തി സാമ്പത്തിക ബാധ്യതയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ അയല്‍വാസിയുടെ കൈയില്‍ നിന്നു പണം കടം വാങ്ങി നല്‍കുകയായിരുന്നു.

ഒരു മണിക്കൂറുനുള്ളില്‍ വരാമെന്നു പറഞ്ഞു പോയ ഷിബു പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ശാന്തയുടെ പരാതിയെത്തുടര്‍ന്ന് വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

മാത്രമല്ല, സ്റ്റേഷനിലെ സെല്ലില്‍ കിടന്ന് അസഭ്യം പറഞ്ഞ ഇയാള്‍ അവിടെ മലമൂത്ര വിസര്‍ജനം നടത്തിയ ശേഷം തങ്ങള്‍ക്ക് നേരേ വിസര്‍ജ്യം വലിച്ചെറിഞ്ഞെന്നും പൊലീസുകാര്‍ വ്യക്തമാക്കി. ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി തട്ടിപ്പ്, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്ന് വെള്ളറട പൊലീസ് അറിയിച്ചു.
വെള്ളറട സി.ഐ എം.ആര്‍ മൃദുല്‍കുമാറിന്റെയും എസ്.ഐ ഉണ്ണികൃഷ്ണന്‍ നായരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.