യു.എ.ഇയില്‍ ഇന്ത്യയുടെ ഐഐടി വരുന്നു; രാജ്യത്തിന് പുറത്ത് ആദ്യമായി സ്ഥാപിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം

 യു.എ.ഇയില്‍ ഇന്ത്യയുടെ ഐഐടി വരുന്നു; രാജ്യത്തിന് പുറത്ത് ആദ്യമായി സ്ഥാപിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് ടെക്‌നോളജി (ഐ ഐ ടി) സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. യുഎ ഇയിലായിരിക്കും ഐഐടി സ്ഥാപിക്കുക. ഇതിനായുള്ള കരാറില്‍ ഇന്ത്യയും യുഎഇയും കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യക്ക് 23 ഐഐടികളുണ്ട്. ഇവയില്‍ ഐ ഐ ടി ഡല്‍ഹി, ഐ ഐ ടി മദ്രാസ്, ഐ ഐ ടി ഖരാഗ്പൂര്‍, ഐ ഐ ടി ബോംബെ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളവ.

പ്രധാനമന്ത്രി മോഡി ആതിഥേയനായ വെര്‍ച്വല്‍ ഉച്ചകോടിയില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലും യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗക്ക് അല്‍-മാറിയുമാണ് ഒപ്പുവച്ചത്.

അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎഇ. നിലവില്‍ 6,000 കോടി ഡോളറിന്റെ വാര്‍ഷിക വ്യാപാരം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുണ്ട്. ഇത് അഞ്ച് വര്‍ഷത്തിനകം 10,000 കോടി ഡോളറില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കരാറിലുള്ളത്.

ഉച്ചകോടിയില്‍ മോഡിയും അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയീദ് അല്‍-നഹ്യാനും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളിലും നിക്ഷേപ മേഖലകള്‍, ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുമായി സംയുക്ത ഗ്രീന്‍ ഹൈഡ്രജന്‍ ടാസ്‌ക് ഫോഴ്സ്, ഇ-ബിസിനസ്, ഇ-പേമെന്റ് തുടങ്ങിയവയുടെ വികസനത്തിലും പ്രോത്സാഹനത്തിലും സഹകരണം എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് കരാറിലുള്ളത്.

യുഎഇയിലെ സുപ്രധാന തുറമുഖ നഗരമായ ജെബല്‍അലിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്കായി ഭക്ഷ്യ ഇടനാഴിയും ഇന്ത്യ മാര്‍ട്ടും സ്ഥാപിക്കും. ആധുനിക വ്യാവസായിക സാങ്കേതക വിദ്യകള്‍ക്കായി അബുദാബിയിലും പ്രത്യേക സോണ്‍ സ്ഥാപിക്കും. കൂടാതെ ഇരുരാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കും.

വാക്സിന്‍ നിര്‍മ്മാണത്തിന് ഉള്‍പ്പെടെ ആരോഗ്യമേഖലയില്‍ ഗവേഷണം, ഉല്‍പാദനം, വികസനം, വിതരണ മേഖലകളിലും കൈകോര്‍ക്കും. യു എ ഇയില്‍ ഇന്ത്യ ഐ ഐ ടി സ്ഥാപിക്കും. തൊഴില്‍ വൈദഗ്ദ്ധ്യം ഉയര്‍ത്താനുള്ള പദ്ധതികളും ആവിഷ്‌കരിക്കാനാണ് ആലോചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.