ദുബായ്: ഭാവി, അത് സങ്കൽപ്പിക്കാനും രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ്. ഭാവിയെന്നത് നിങ്ങൾ കാത്തിരിക്കേണ്ട ഒന്നല്ല, പകരം സൃഷ്ടിക്കേണ്ടതാണ്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഈ വാക്കുകളാണിത്. ഈ വാക്കുകളിലെ ആശയത്തിനൊപ്പം കലിഗ്രഫിയുടെ സൗന്ദര്യവും ആവാഹിച്ചൊരുങ്ങിയ മ്യൂസിയം ഓഫ് ഫ്യൂച്ചർ ഇന്ന് മിഴിതുറക്കും.
ഷെയ്ഖ് മുഹമ്മദ് തന്നെയാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ലോകത്തിന് സമർപ്പിക്കുന്നത്. ഇന്ന് ,2022 ഫെബ്രുവരി 22 ന് മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ തിയതിയും കൗതുകമാവുകയാണ്. ദുബായുടെ ഗതാഗത ചരിത്രത്തില്‍ പുതുചരിത്രമെഴുതി ചേർത്ത ദുബായ് മെട്രോ ഓടിത്തുടങ്ങിയത് 09-09-2009 ലാണ്. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ജനങ്ങളിലേക്ക് എത്തുന്നത് 22-02-2022 നും. ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്നാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിശേഷിപ്പിച്ചത്. മ്യൂസിയം ഓഫ് ഫ്യൂച്ചർ ഭാവിയെക്കുറിച്ച് ദീർഘവീക്ഷണം നൽകാനും വരും തലമുറകളെ പ്രചോദിപ്പിക്കാനുമുള്ള ഒരു ആഗോള കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ. ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകളെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനോട് ചേർത്ത് വച്ചത് എമിറാത്തി ആർട്ടിസ്റ്റ് മത്താർ ബിൻ ലഹേജാണ്.
ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപത്തായാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സ്ഥിതി ചെയ്യുന്നത്. കലിഗ്രഫിയിലൊരുങ്ങിയ കെട്ടിടത്തിന് 77 മീറ്ററാണ് ഉയരം. 30,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലുളള കെട്ടിടത്തില്‍, 14000 മീറ്ററില്‍ സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് അറബിക് കലിഗ്രഫി ഒരുങ്ങിയിരിക്കുന്നത്. www.motf.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ലഭ്യമാണ്.145 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. 3 വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്വദേശികളായ 60 വയസിന് മുകളില്‍ പ്രായമുളളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.