'സൈനികര്‍ക്കൊപ്പം സെല്‍ഫി വേണ്ട, വെള്ള കൊടി കരുതണം': ഉക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി മാര്‍ഗ്ഗരേഖ

 'സൈനികര്‍ക്കൊപ്പം സെല്‍ഫി വേണ്ട, വെള്ള കൊടി കരുതണം': ഉക്രെയ്‌നിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി മാര്‍ഗ്ഗരേഖ

കീവ്: റഷ്യയുടേയും ഉക്രെയ്നിലേയും സൈന്യം തമ്മില്‍ രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ഖാര്‍കീവില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച് പ്രതിരോധ മന്ത്രാലയം. അപകടകരമായ സാഹചര്യങ്ങളും ഡ്രോണുകളുടെയും യുദ്ധവിമാനങ്ങളുടെയും ആകാശ ആക്രമണങ്ങളും ഉള്‍പ്പെടെ അതിജീവിക്കാന്‍ തയ്യാറായിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇന്ത്യന്‍ പൗരന്മാര്‍ മാനസികമായി ശക്തരായിരിക്കണം. പത്ത് വിദ്യാര്‍ത്ഥികളുള്ള ചെറിയ ഗ്രൂപ്പുകളായി മാറുകയും വേണം. പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍, മരുന്നുകള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, ടോര്‍ച്ചുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ഒരു ചെറിയ കിറ്റ് സൂക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള അതിജീവന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മന്ത്രാലയം നല്‍കിയ അറിയിപ്പിലുണ്ട്.മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് ആണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.

ഭക്ഷണവും വെള്ളവും കരുതലോടെ ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. ഏറ്റവും പ്രധാനമായി, വിദ്യാര്‍ത്ഥികള്‍ അവരുടെ മൊബൈലിലെ എല്ലാ അനാവശ്യ ആപ്പുകളും ഡിലീറ്റ് ചെയ്യണം. ബാറ്ററി ലാഭിക്കുന്നതിന് സംഭാഷണങ്ങള്‍ കുറഞ്ഞ വോളിയം/ഓഡിയോ മോഡിലേക്ക് പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.



ഒരാള്‍ക്ക് പുറത്തേക്ക് പോകണമെങ്കില്‍ റോഡിന്റെ വശങ്ങളിലൂടെ, കെട്ടിടങ്ങളുടെ മറവിനോട് ചേര്‍ന്ന് നടക്കണം. ടാര്‍ഗെറ്റ് ചെയ്യപ്പെടാതിരിക്കാനും റോഡ് മുറിച്ചുകടക്കാതിരിക്കാനും ശ്രദ്ധിക്കണം. വെള്ളക്കൊടി കയ്യില്‍ വെയ്ക്കാനും റഷ്യയിലെ രണ്ടോ മൂന്നോ വാക്യങ്ങള്‍ പഠിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് .'ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്, ഞങ്ങള്‍ പോരാളികളല്ല, ഞങ്ങളെ ഉപദ്രവിക്കരുത്, ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണ്' എന്നിങ്ങനെ.

അഭയകേന്ദ്രങ്ങളില്‍ നിന്നോ ബങ്കറുകളില്‍ നിന്നോ അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആയുധങ്ങളോ പൊട്ടാത്ത ഷെല്ലുകളോ എടുക്കരുത്, സൈനിക വാഹനങ്ങളായോ ആയുധധാരികളുമായോ ഒപ്പമുള്ള ചിത്രങ്ങളോ സെല്‍ഫികളോ പാടില്ല. പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുത്, സോഷ്യല്‍ മീഡിയയില്‍ വിഷയത്തില്‍ അഭിപ്രായം പറയരുതെന്നും നിര്‍ദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.