കളമശേരി ഇലക്ട്രോണിക് സിറ്റിയിലെ മണ്ണിടിച്ചിലില്‍ മരിച്ചത് നാലു പേര്‍; കാണാതായെന്ന് കരുതിയ ആളെ കണ്ടെത്തി

കളമശേരി ഇലക്ട്രോണിക് സിറ്റിയിലെ മണ്ണിടിച്ചിലില്‍ മരിച്ചത് നാലു പേര്‍; കാണാതായെന്ന് കരുതിയ ആളെ കണ്ടെത്തി

കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് നാല് മരണം. രണ്ടു പേരെ പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെസ്റ്റ് ഗ്രൂപ്പിന്റേതാണ് ഇലക്ട്രോണിക് സിറ്റി.

അപകടത്തില്‍ കാണാതായെന്നു കരുതിയ തൊഴിലാളിയെ രാത്രിയോടെ കണ്ടെത്തി. മണ്ണിടിയുന്നത് കണ്ട് ഭയന്നോടിയ ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇയാളെ കണ്ടെത്തിയതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. അപകടം നടക്കുമ്പോള്‍ ഏഴുപേര്‍ കുഴിയിലുണ്ടായിരുന്നുവെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കാണാതായ തൊഴിലാളിക്കായി തെരച്ചില്‍ നടത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ആറ് പേരെയും പുറത്തെടുത്തത്.

ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സുരക്ഷാ നടപടികളില്‍ എന്തെങ്കിലും വീഴ്ച കണ്ടെത്തിയാല്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ നിര്‍മ്മാണങ്ങള്‍ക്ക് തല്‍ക്കാലം വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.