പാലക്കാട് പത്തിരിപ്പാല പാണ്ടൻതറ ഉമേഷിന്റെ മനസിൽ പഠനകാലത്ത് പെൻസിൽ കൊണ്ട് വരച്ച ചിത്രങ്ങൾ തെളിഞ്ഞു വന്നത് കോവിഡ് കാലത്താണ്. ഇടയ്ക്കെപ്പോഴോ കൈമോശം വന്ന വര ഇനി പരീക്ഷിക്കാമെന്നു കരുതി യു ട്യൂബിൽ തിരഞ്ഞു. അങ്ങനെ ലീഫ് ആർട്ട് എന്ന സങ്കേതത്തിൽ പലരും ചിത്രങ്ങൾ വരച്ചിരിക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നി.
ആലിലയെടുത്ത് മണിക്കൂറുകളെടുത്ത് മംഗലാംകുന്ന് കർണ്ണനെന്ന ഗജവീരനെ വരച്ചു. ചിത്രമില്ലാത്ത ഇലഭാഗങ്ങൾ ബ്ളേഡ് കൊണ്ട് വെട്ടിമാറ്റി. അക്രലിക് കൊണ്ട് നിറം കൊടുത്തു, അസ്സൽ കർണ്ണൻ! ആനകളോട് പ്രിയമുള്ള ഉമേഷ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും തൃശൂർ തെക്കേ ഗോപുരത്തെയും വരച്ചു.
പിന്നെ ആലിലയിലും പ്ലാവിലയിലും തെച്ചി തുളസിയിലകളിലും കുഞ്ഞു റോസാപ്പൂവിതളിലും പ്രഖുഖരുടെ ഇലച്ചിത്രങ്ങളും പുഷ്പചിത്രങ്ങളും വരച്ചു. തന്നിൽ ഉറങ്ങിക്കിടന്നിരുന്ന ചിത്രകാരനെ ഉമേഷ് കണ്ടെത്തി. പ്രേരണയായത് കോവിഡ് കാലത്തെ ഏകാന്തതയാണ്.
ഇപ്പോൾ ഉമേഷ് നല്ല പ്ലാവിലയും ആലിലയുമൊക്കെ കണ്ടാൽ പെറുക്കി സൂക്ഷിക്കും. ബോട്ടിലുകളിലും വര തുടങ്ങിയെങ്കിലും ആലിലയാണ് പ്രിയപ്പെട്ട കാൻവാസ്. നൂറോളം ഇലച്ചിത്രങ്ങളിൽ ഭൂരിഭാഗവും ആലിലകളിലാണ്. കഴിഞ്ഞ ശിവഗിരി തീർത്ഥാടന കാലത്ത് ശ്രീനാരായണ ഗുരുദേവനെയും വരച്ചു. ഗുരുവിന്റെ മഞ്ഞവസ്ത്രത്തിന് യോജിച്ചത് പ്ലാവിലയായിരുന്നു. രണ്ടു മണിക്കൂറെടുത്തായിരുന്നു വര.
പാമ്പുകടിയേറ്റ വാവ സുരേഷിനു വേണ്ടി പ്രാർത്ഥിച്ചവരിൽ ഉമേഷും പെടും. പാമ്പുമായി നിൽക്കുന്ന വാവച്ചിത്രം ആലിലയിൽ വരച്ചുകൊണ്ടായിരുന്നു ഉമേഷിന്റെ പ്രാർത്ഥന. വാവ, ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ ഉമേഷും സന്തോഷിച്ചു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തെത്തുടർന്ന് മൂന്ന് മണിക്കൂറെടുത്ത് ആലിലയിൽ അവർക്കായി ഇലച്ചിത്രാഞ്ജലി ഒരുക്കി. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിത്രവും ഇലയിൽ വരച്ചിരുന്നു.
കെ.പി.എ.സി ലളിത, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കലാഭവൻ മണി, അട്ടപ്പാടി മധു, മലമ്പുഴയിൽ മലയിൽ കുടുങ്ങിയ ബാബു തുടങ്ങി വാർത്തകളിൽ നിറയുന്നവരെയെല്ലാം ഉമേഷ് ഇലച്ചിത്രങ്ങളാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.