ഡ്രൈവർമാർക്ക് ബോധവല്‍ക്കരണം നടത്തി ആർടിഎ

ഡ്രൈവർമാർക്ക് ബോധവല്‍ക്കരണം നടത്തി ആർടിഎ

ദുബായ്‌: വാഹനമോടിക്കുമ്പോള്‍ ക്ഷീണമോ മയക്കമോ അനുഭവപ്പെടുന്നതടക്കമുളള കാര്യങ്ങളില്‍ ഡ്രൈവർമാരെ ബോധവല്‍ക്കരിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. റമദാന്‍ മാസത്തില്‍ ഭക്ഷണ ഉറക്കശീലങ്ങളിലെ മാറ്റം കാരണം പലർക്കും ഏകാഗ്രത കുറയുന്നു. ഇതേകുറിച്ചുളള അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് ബോധവല്‍ക്കരണ പദ്ധതി ആർടിഎ നടപ്പിലാക്കിയത്.

നിങ്ങളുടെ ഇഫ്താർ ആസ്വദിക്കൂ, നിങ്ങളുടെ വഴിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, എന്ന സന്ദേശം നല്‍കിയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്. നേരിട്ടും സമൂഹമാധ്യമങ്ങള്‍ വഴിയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ മുഖാന്തിരവും ബോധവല്‍ക്കരണം നടത്തുകയാണ് ആർടിഎ.

ഇത് കൂടാതെ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി ചേർന്നുളള സംരംഭവും നടക്കുന്നുണ്ട്. ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കുന്ന ഏതൊരു ട്രെയിനി ഡ്രൈവർക്കും സുരക്ഷിതമായ ഡ്രൈവിംഗ് സംബന്ധിച്ച പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള ഇഫ്താർ വൗച്ചർ സമ്മാനിക്കും. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള 8000 ബോധവൽക്കരണ ലഘുലേഖകൾ വിശുദ്ധ മാസത്തിൽ വിതരണം ചെയ്യുന്നുണ്ട്.

റമദാനില്‍ നടക്കുന്ന മിക്ക അപകടങ്ങളുടെയും മൂല കാരണം വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാത്തതാണ്. ക്ഷീണമോ മയക്കമോ തോന്നുന്നുണ്ടെങ്കില്‍ അല്‍പനേരം വിശ്രമിച്ച് ക്ഷീണം അകറ്റി വേണം യാത്ര തുടരാനെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റമദാനില്‍ ഇ11 റോഡില്‍ ഉള്‍പ്പടെ ട്രക്കുകളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേരയിലെയും ബർ ദുബായിലെയും നഗരകേന്ദ്രങ്ങളിൽ രാവിലെ 6:00 മുതൽ രാത്രി 10:00 വരെ എന്നതിനുപകരം റമദാന്‍ മാസത്തില്‍ രാവിലെ 7:00 മുതൽ രാത്രി 11:00 വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്.അല്‍ ഷിന്‍റഗ ടണല്‍, അല്‍ മക്തൂം പാലം, ബിസിനസ് ബേ ബ്രിഡ്ജ് എന്നിവയുള്‍പ്പടെയുളള ഇടങ്ങളിലും നിശ്ചിത സമയത്ത് ട്രക്കുകളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.