കെ റെയില്‍ സംവാദത്തിലും വിവാദം; അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കില്ല

കെ റെയില്‍ സംവാദത്തിലും വിവാദം; അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കില്ല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംവാദത്തില്‍ കടുത്ത അനിശ്ചിതത്വം. സംവാദത്തില്‍ മുന്‍ സിസ്ട്ര ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മയും പ്രശസ്ത പരിസ്ഥിതിവാദിയും എഞ്ചിനീയറുമായ ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കില്ല. ഇതോടെ സംവാദത്തിന്റെ പാനലില്‍ കാര്യമായ മാറ്റങ്ങള്‍ വരാനുള്ള സാധ്യതതയും ഉണ്ട്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ വിവരങ്ങള്‍ കിട്ടാതിരുന്നത് കൊണ്ടാണ് സംവാദത്തില്‍ പങ്കെടുക്കാത്തതെന്ന് അലോക് വര്‍മ പറഞ്ഞു. മാത്രമല്ല ഡിപിആറിലെ പിഴവുകള്‍ തിരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുന്നില്ല. ഇനിയൊരു സംവാദത്തിന് താന്‍ തയ്യാറല്ലെന്നും ബദല്‍ സംവാദത്തിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അലോക് വര്‍മ വ്യക്തമാക്കി.

സര്‍ക്കാറിന് പകരം കെ റെയില്‍ ക്ഷണിച്ചതിനെയും പദ്ധതിയെ പുകഴ്ത്തിയുള്ള ക്ഷണക്കത്തിലെ ഭാഷയെയും വിമര്‍ശിച്ച് അലോക് വര്‍മ ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്ത് നല്‍കിയിരുന്നു. ഉച്ചക്കുള്ളില്‍ സര്‍ക്കാര്‍ പുതിയ ക്ഷണക്കത്ത് നല്‍കിയില്ലെങ്കില്‍ സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് അലോക് വര്‍മ വ്യക്തമാക്കിയിരുന്നു.

വര്‍മ്മയുടെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ സംവാദത്തിനില്ലെന്ന് പരിസ്ഥിതി വിദഗ്ധന്‍ ശ്രീധര്‍ രാധാകൃഷ്ണനും അറിയിക്കുകയായിരുന്നു. അതേസമയം സംവാദത്തില്‍ പങ്കെടുക്കുമെന്നാണ് ആര്‍വിജി മേനോന്റെ നിലപാട്. സര്‍ക്കാര്‍ പുതിയ ക്ഷണക്കത്ത് നല്‍കാനുള്ള സാധ്യത കുറവായിരിക്കെ പാനല്‍ മാറ്റാനുള്ള നീക്കങ്ങളും സജീവമാണ്.

ജോസഫ് സി മാത്യുവിനെ കാരണം പറയാതെ ഒഴിവാക്കിയതിന് പിന്നാലെയാണ് നിശിതമായ വിമര്‍ശനങ്ങളോടെയുള്ള അലോക് വര്‍മ്മയുടെ കത്ത്. സംവാദത്തിലേക്ക് തുടക്കം മുതല്‍ ക്ഷണിച്ചത് ചീഫ് സെക്രട്ടറി അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളായിരിക്കെ കെ റെയില്‍ ക്ഷണക്കത്ത് നല്‍കിയതില്‍ വര്‍മയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലെ എതിര്‍പ്പും മോഡറേറ്ററെ മാറ്റിയതിനെയും വര്‍മ വിമര്‍ശിക്കുന്നുണ്ട്.

അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി എന്ന തോന്നലുണ്ടാക്കി സര്‍ക്കാര്‍ പിന്നീട് താല്‍പര്യങ്ങള്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അലോക് വര്‍മയുടെയും ശ്രീധറിന്റെയും വിമര്‍ശനം. വര്‍മ്മയുടെയും ശ്രീധറിന്റെയും നിലപാടുകളോട് യോജിപ്പാണെങ്കിലും സംവാദത്തില്‍ വാതില്‍ അടയ്‌ക്കേണ്ടെന്നാണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലിലെ മൂന്നാമനായ ആര്‍വിജി മേനോന്റെ അഭിപ്രായം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.