സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ഉപയോഗം കുറയ്ക്കണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ഉപയോഗം കുറയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. കല്‍ക്കരി ക്ഷാമം വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് നിയന്ത്രണം. വൈകീട്ട്  6.30 ഉം 11.30നുമിടയിലാണ് നിയന്ത്രണം. 15 മിനിറ്റ് നേരം ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. നഗരപ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങില്ല. 

വൈകീട്ട് 6.30നും 11.30നും ഇടയില്‍ സംസ്ഥാനത്ത് 4580 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിപണിയില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തില്‍ വ്യത്യാസമുണ്ടാകും.

പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് നോക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പ്പാദനവും ഉപയോഗവും തമ്മില്‍ 400 മെഗാവാട്ടിന്റെ അന്തരമുണ്ട്. ദീര്‍ഘകാല കരാറുകളില്‍ നിന്നല്ലാതെ പവര്‍ എക്സ്‌ചേഞ്ചില്‍ നിന്ന് ബോര്‍ഡിനു വൈദ്യുതി കിട്ടുന്നില്ല. കല്‍ക്കരി ക്ഷാമം മൂന്നു നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ 78 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ബംഗാളിലെ നിലയത്തിലെ സാങ്കേതിക പ്രശ്‌നത്താല്‍ 135 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കല്‍ക്കരി ക്ഷാമം കാരണം ഉല്‍പ്പാദകര്‍ പവര്‍ എക്സ്‌ചേഞ്ചില്‍ നല്‍കുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ചൂടു കാരണം ഉപഭോഗം കൂടുന്നതിനാല്‍ കേരളം പവര്‍ എക്സ്‌ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസം കൂടിയാണിത്. മെഷിനുകള്‍ തകരാറിലായി വൈദ്യുതി ലഭ്യത കുറയുമ്പോഴും പവര്‍എക്സ്‌ചേഞ്ചിനെയാണ് ആശ്രയിക്കുന്നത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപയോഗം കൂടുതലാണെങ്കിലും ഉല്‍പ്പാദകരുമായി നേരത്തെ കരാര്‍ വയ്ക്കാറില്ല. വേനല്‍ മഴ ലഭിക്കുന്നതിനാല്‍ ചില ദിവസങ്ങളില്‍ ഉപയോഗം കുറയും. അപ്പോള്‍ വൈദ്യുതി മിച്ചമാകുന്നത് തടയാനാണ് മുന്‍കൂട്ടിയുള്ള കരാര്‍ ഒഴിവാക്കുന്നത്.

അതേസമയം പ്രതിസന്ധി മറികടക്കാന്‍ മറ്റു വഴികളും നോക്കുന്നുണ്ട്. ഉല്‍പ്പാദകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാനും ആലോചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.