കൊല്‍ക്കത്ത: ഐ ലീഗ് കിരീടം മോഹിച്ചിറങ്ങിയ ഗോകുലം കേരളയ്ക്ക് തിരിച്ചടി. ശ്രീനിധി എഫ്‌സിയോട് പരാജയപ്പെട്ടതോടെയാണ് ഗോകുലത്തിന് ഇനിയും കാത്തിരിക്കേണ്ടി വന്നത്. 3-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ തോല്‍വി. കിരീടം മോഹിച്ചിറങ്ങിയ ഗോകുലത്തിന് മുന്നില്‍ ശക്തമായ നീക്കങ്ങളുമായി ശ്രീനിധി തുടക്കം മുതല്‍ തന്നെ ഗോകുലത്തിന്റെ ഗോള്‍ മുഖം അക്രമിച്ച് കൊണ്ടിരുന്നു.
ഒടുവില്‍ 19ാം മിനുട്ടില്‍ ലാല്‍റൊംമാവിയയിലൂടെ ശ്രീനിധിയുടെ ആദ്യ ഗോള്‍ വന്നു. ആദ്യ ഗോള്‍ വഴങ്ങിയതോടെ ഗോകുലം പതറി. എങ്കിലും സമനില ഗോളിനായി പൊരുതുന്നതിനിടെ ശ്രീനിധിയുടെ രണ്ടാം ഗോളും വീണു. ലാല്‍റോംമാവിയ തന്നെയായിരുന്നു ശ്രീനിധിയുടെ രണ്ടാം ഗോളും നേടിയത്. രണ്ട് ഗോള്‍ വീണതോടെ ഗോകുലത്തിന്റെ നിയന്ത്രണം നഷ്ടമായി. അധികം വൈകാതെ ശ്രീനിധിയുടെ മൂന്നാം ഗോളും പിറന്നു. 37ാം മിനുട്ടില്‍ ലാല്‍റോംമാവിയയുടെ ഹാട്രിക് പിറന്നു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോകുലം മൂന്ന് ഗോളിന് പിറകിലായി.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനിറങ്ങിയ ഗോകുലം 47ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി തിരിച്ചുവരവിന്റെ സൂചന നല്‍കി. ക്യാപ്റ്റന്‍ ശരിഫ് മുഹമ്മദായിരുന്നു ഗോള്‍ നേടിയത്. എന്നാല്‍ 54ാം മിനുട്ടില്‍ ശരീഫിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ഗോകുലത്തിന്റെ തിരിച്ചുവരവ് സാധ്യതങ്ങള്‍ മങ്ങി. എങ്കിലും കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനും അവസരം കിട്ടിയപ്പോള്‍ കൗണ്ടര്‍ അറ്റാക്ക് നടത്താനും ഗോകുലം കേരള മറന്നില്ല. തോറ്റെങ്കിലും ഗോകുലം തന്നെയാണ് ഇപ്പോഴും പട്ടികയില്‍ ഒന്നാമത്. അടുത്ത മത്സരത്തില്‍ സമനിലയെങ്കിലും നേടിയാല്‍ ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. 14 ന് രാത്രി ഏഴുമണിക്കാണ് മുഹമ്മദന്‍സും ഗോകുലം കേരളയും തമ്മിലുള്ള നിര്‍ണായക പോരാട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.