ഭക്ഷ്യസുരക്ഷ പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം

ഭക്ഷ്യസുരക്ഷ പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന പരിശോധന ബേക്കറികളിലേക്കും തട്ടുകടകളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും അധികാരപരിധിയില്‍ വരുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

പാതയോരങ്ങളിലെ ഐസ്‌ക്രീം, ശീതളപാനീയ വില്‍പനശാലകള്‍, തട്ടുകടകള്‍ എന്നിവയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തെ ഉപയോഗിച്ച് അടിയന്തര പരിശോധന നടത്താന്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. ഇവിടങ്ങളിലെ ശുചിത്വം, ആഹാരസാധനങ്ങളുടെയും പാനീയങ്ങളുടെയും പഴക്കം, ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന വിവരം തുടങ്ങിയവ ഉദ്യോഗസ്ഥര്‍ വിലയിരുത്തണം.

ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം. അന്തരീക്ഷ താപനില ഉയര്‍ന്നതിനാല്‍ മാംസാഹാരങ്ങള്‍ വേഗം കേടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണം വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണം.

ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പന കേന്ദ്രങ്ങള്‍, ആഹാരം പാകംചെയ്തും അല്ലാതെയും വില്‍ക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തണം. ലൈസന്‍സില്ലെങ്കില്‍ ഉടന്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.