എലിസബത്ത് രാജ്ഞിയെ ക്യാന്‍വാസിലാക്കി 'കലാകാരിയായ റോബോട്ട്' !

എലിസബത്ത് രാജ്ഞിയെ ക്യാന്‍വാസിലാക്കി 'കലാകാരിയായ റോബോട്ട്' !

ലണ്ടന്‍: ഇന്ന് ശാസ്ത്രലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി തന്ത്രപ്രധാന ശക്തിയായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ശാസ്ത്ര രംഗത്ത് മാത്രമല്ല കലാരംഗത്തും നിര്‍മ്മിത ബുദ്ധി സ്വന്തം പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് എയ്ഡ. ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ എയ്ഡയും തന്റെ സംഭാവനയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ചിത്ര രചനയിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച ബ്രിട്ടീഷ് നിര്‍മ്മിത റോബോട്ടായ എയ്ഡ, രാജ്ഞിയുടെ ഛായാചിത്രം വരച്ചിരിക്കുകയാണ്. രാജ്ഞിയെ അതിസൂഷ്മമായി പകര്‍ത്താന്‍ എയ്ഡയ്ക്ക് കഴിഞ്ഞു എന്നാണ് അഭിപ്രായം. ഹ്യൂമനോയിഡ് റോബോര്‍ട്ട് ( മനുഷ്യ രൂപത്തില്‍ നിര്‍മ്മിച്ച റോബോട്ട് ) ആയ എയ്ഡ ലോകത്തെ ആദ്യത്തെ അള്‍ട്ര-റിയലിസ്റ്റിക് റോബോട്ട് ആര്‍ട്ടിസ്റ്റ് ആണ്.

ചിത്രരചന, ശില്പ നിര്‍മ്മാണം തുടങ്ങിയ ജോലികള്‍ എയ്ഡ ഭംഗിയായി ചെയ്യും. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്ലേസിന്റെ സ്മരണാര്‍ത്ഥമാണ് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടിന് എയ്ഡ എന്ന പേര് നല്‍കിയിരിക്കുന്നത്.

2019ല്‍ അവതരിപ്പിക്കപ്പെട്ട എയ്ഡയ്ക്ക് ആളുകളെ കണ്ട് ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും. തന്റെ കൃത്രിമ കൈകള്‍ ഉപയോഗിച്ചാണ് എയ്ഡ പേപ്പറിലേക്ക് പെന്‍സില്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഇതിനായി പ്രത്യേക ക്യാമറകള്‍ എയ്ഡയുടെ കണ്ണുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല സ്വന്തം ഛായച്ചിത്രങ്ങളും എയ്ഡ വരയ്ക്കാറുണ്ട്. ക്യാമറകളും അല്‍ഗോരിതവും റോബോട്ടിക് കൈകളുമാണ് ഇതിന് എയ്ഡയെ സഹായിക്കുന്നത്.

ഓക്‌സ്‌ഫോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗ്യാലറി ഉടമയായ എയ്ഡന്‍ മെല്ലര്‍ എന്‍ജിനിയേഡ് ആര്‍ട്‌സ് എന്ന റോബോട്ടിക്‌സ് കമ്പനിയുമായി ചേര്‍ന്നാണ് എയ്ഡയെ വികസിപ്പിച്ചത്. എയ്ഡയുടെ ചിത്രം വരയ്ക്കാനുള്ള കഴിവിന് വേണ്ട സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.