അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍; സ്വപ്നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി

അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍; സ്വപ്നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മുന്‍ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കോടതി അറിയിച്ചു.

സര്‍ക്കാര്‍ അറസ്റ്റിന് ശ്രമിക്കുന്നുവെന്നും അറസ്റ്റ് ഭയക്കുന്നുവെന്നും കാണിച്ചാണ് സ്വപ്ന സുരേഷും പി.എസ് സരിത്തും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ ഇവരുടെ ഹര്‍ജിക്ക് പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മാത്രമല്ല സരിത്ത് നിലവില്‍ ഈ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ഇപ്പോള്‍ ഇങ്ങനെയാണെങ്കിലും ഇനി ജാമ്യമില്ലാക്കുറ്റം കൂടി ചുമത്തി അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നാളെ എന്തു നടക്കും എന്നതനുസരിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്ന് സര്‍ക്കാരും മറുപടി നല്‍കുകയായിരുന്നു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന തനിക്കെതിരെ ഗൂഢാലോചനയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ സ്വപ്ന സുരേഷിനെയും പി.സി ജോര്‍ജിനെയും പ്രതിചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാല്‍ ആറു മാസം തടവു ശിക്ഷ കിട്ടാം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പന്ത്രണ്ടംഗ സംഘത്തില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയും കണ്ണൂര്‍ അഡീഷണല്‍ എസ്പിയും ഉണ്ട്.

അതേസമയം ജാമ്യഹര്‍ജിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രമുഖരായ വ്യക്തികളെ ജനമധ്യത്തില്‍ അപഹാസ്യരാക്കുക, ആക്ഷേപങ്ങള്‍ ചൊരിയുക എന്നത് മാത്രമാണ് ലക്ഷ്യം. ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ള വ്യക്തികളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.