സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു: കേരളമടക്കം നാലു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു: കേരളമടക്കം നാലു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. എല്ലാ ജില്ലകളിലും പോസിറ്റീവാകുന്നവരുടെ എണ്ണം ഉയരുകയാണ്. ഇന്ന് 2,415 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ധിച്ചതോടെ രോഗപരിശോധന ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും കത്തയച്ചു.

സംസ്ഥാനങ്ങളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി രോഗവ്യാപനത്തിന്റെ കൃത്യമായ ചിത്രം മനസിലാക്കണം. പനി, ശാസം മുട്ട് തുടങ്ങിയ രോഗലക്ഷണളുടെ കൃത്യമായ നിരീക്ഷണത്തിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം.

അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിള്‍ പരിശോധനയും, ജനിതിക ശ്രേണീകരണവും രോഗ വ്യാപനം കൂടുന്ന മേഖലയിലെ പരിശോധന പോലെ ഊര്‍ജിതമാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചു. രാജ്യത്തെ ആകെ കേസുകളില്‍ 81 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. ജില്ലയില്‍ 796 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഇടുക്കി, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ബാക്കി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 368 കേസുകളും കോട്ടയത്ത് 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് കേസുകള്‍ കൂടുതല്‍ സജീവമായതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റിലും നിരത്തുകളിലും പോലീസ് പരിശോധനയും തുടങ്ങിയിട്ടുണ്ട്. മാസ്‌ക് വയ്ക്കാതെ പൊതുസ്ഥലങ്ങളില്‍ യാത്ര ചെയ്താല്‍ ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പും അടുത്ത തവണ പിഴ ഈടാക്കാനുമാണ് നീക്കം.

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം.

ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍മാരും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.