മെഡിസെപ് അടുത്ത മാസം മുതല്‍ നടപ്പാക്കാന്‍ ശ്രമം; ആശുപത്രി പ്രതിനിധികളുമായി ധനമന്ത്രി ചര്‍ച്ച നടത്തി

മെഡിസെപ് അടുത്ത മാസം മുതല്‍ നടപ്പാക്കാന്‍ ശ്രമം; ആശുപത്രി പ്രതിനിധികളുമായി ധനമന്ത്രി ചര്‍ച്ച നടത്തി

തിരുവനന്തപുരം: വന്‍കിട ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി മെഡിസെപ് അടുത്ത മാസം ആരംഭിക്കാന്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ വിളിച്ച യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്ക് കുറവാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നു വന്‍കിട ആശുപത്രികള്‍ വിട്ടു നിന്നത്.

നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം അടുത്ത ഘട്ടത്തില്‍ പരിഗണിക്കാമെന്നും എത്രയും വേഗം പദ്ധതി ആരംഭിക്കേണ്ടതിനാല്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊച്ചിയിലെ ലേക്ഷോര്‍, അമൃത, തിരുവനന്തപുരത്തെ കോസ്‌മോ, കിംസ്, അനന്തപുരി, എസ്യുടി, കോട്ടയത്തെ കാരിത്താസ് തുടങ്ങി 16 ആശുപത്രികളുടെ പ്രതിനിധികളാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്.

കാസ്പ് പദ്ധതിക്കു കീഴില്‍ സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കിയ ആശുപത്രികള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പണം തന്നിട്ടില്ലെന്നും പ്രതിനിധികള്‍ യോഗത്തില്‍ പരാതിപ്പെട്ടു. വൈകാതെ പണം നല്‍കാമെന്നും ഇക്കാരണത്താല്‍ മെഡിസെപ് എന്ന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ നിന്ന് ആരും മാറി നില്‍ക്കരുതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ നിശ്ചയിക്കാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് മെഡിസെപ്പില്‍ തീരുമാനിച്ചിരിക്കുന്നത്.

വളരെ ഉയര്‍ന്ന നിരക്കിലേക്ക് പോകുന്നതിന് സര്‍ക്കാരിന് ഒട്ടേറെ പരിമിതികളുണ്ട്. ഇപ്പോള്‍ 11 ലക്ഷത്തോളം കുടുംബങ്ങള്‍ പദ്ധതിക്കു കീഴിലുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളടക്കം കൂടുതല്‍ സ്ഥാപനങ്ങള്‍ പദ്ധതിക്കു കീഴിലാകുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും സഹകരിക്കുന്ന ആശുപത്രികള്‍ക്ക് ഇതു നേട്ടമാകുമെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

പദ്ധതിയില്‍ ചേരാമെന്നറിയിച്ചാണ് ആശുപത്രി പ്രതിനിധികള്‍ യോഗം വിട്ടത്. തുടക്കത്തില്‍ വിട്ടുനിന്ന തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്റര്‍ സഹകരിക്കാന്‍ തയാറായി. എന്നാല്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇപ്പോഴും വിട്ടു നില്‍ക്കുകയാണ്. ഇവരുമായി മന്ത്രി ഉടന്‍ ചര്‍ച്ച നടത്തും. നിലവില്‍ 216 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ബാക്കിയുള്ളവര്‍ കൂടി അടുത്തയാഴ്ച കരാറില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.

മെഡിസെപ് അട്ടിമറിക്കാന്‍ മറ്റ് ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ സജീവമായി രംഗത്തുണ്ട്. മെഡിസെപ്പില്‍ ചേര്‍ന്നാല്‍ അതിനു കീഴിലെ ചികിത്സാ നിരക്ക് മാത്രമേ തങ്ങള്‍ തുടര്‍ന്ന് അനുവദിക്കൂ എന്നും ഇപ്പോഴുള്ള ഉയര്‍ന്ന നിരക്ക് നല്‍കില്ലെന്നുമാണ് ഈ കമ്പനികള്‍ ആശുപത്രികള്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതും മെഡിസെപ്പില്‍ ചേരുന്നതില്‍ നിന്ന് ആശുപത്രികളെ പിന്തിരിപ്പിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.