വൈദ്യുതി പോസ്റ്റ്‌ വീണ് യുവാവിന്റെ മരണം; പ്രതിഷേധിച്ച്‌ നാട്ടുകാര്‍: നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി മന്ത്രി

വൈദ്യുതി പോസ്റ്റ്‌ വീണ് യുവാവിന്റെ മരണം; പ്രതിഷേധിച്ച്‌ നാട്ടുകാര്‍: നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി  മന്ത്രി

കോഴിക്കോട് : വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. സംഭവത്തില്‍ അന്വേഷണത്തിന് കെഎസ്‌ഇബി ചെയര്‍മാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ കോഴിക്കോട്-ബേപ്പൂര്‍ പാത ഉപരോധിച്ചു. കെഎസ്‌ഇബിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.

ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കില്‍ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തില്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22)ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഉപയോഗ ശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.