മെഡിസെപ്പില്‍ 254 സ്വകാര്യ ആശുപത്രികള്‍; ശ്രീചിത്രയും പല പ്രമുഖ ആശുപത്രികളും വിട്ടുനില്‍ക്കുന്നു

 മെഡിസെപ്പില്‍ 254 സ്വകാര്യ ആശുപത്രികള്‍; ശ്രീചിത്രയും പല പ്രമുഖ ആശുപത്രികളും വിട്ടുനില്‍ക്കുന്നു

തിരുവനന്തപുരം: മെഡിസെപ്പില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ കേരളത്തിനകത്തും പുറത്തുമായി 254 സ്വകാര്യ ആശുപത്രികളിലും പണം നല്‍കാതെ ചികിത്സ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്. സംസ്ഥാനത്തിനുപുറത്ത് 12 ആശുപത്രികളിലും പരിരക്ഷ ലഭിക്കും.

റീജണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ സര്‍ക്കാരിന്റെ സ്‌പെഷ്യാലിറ്റി ആശുപത്രികളും പദ്ധതിയുടെ ഭാഗമാണ്. ആയുര്‍വേദം, ഹോമിയോ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സകള്‍ക്ക് പരിരക്ഷയില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പല പ്രമുഖ ആശുപത്രികളും ഇനിയും സഹകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും പദ്ധതിയില്‍ ചേര്‍ന്നിട്ടില്ല.

വിട്ടു നില്‍ക്കുന്ന ഇരുപതോളം ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. മെഡിസെപ്പില്‍ ചികിത്സയ്ക്കു നിശ്ചയിട്ടുള്ള നിരക്കുകള്‍ സ്വീകാര്യമല്ലെന്നുപറഞ്ഞാണ് നിസഹകരിക്കുന്നത്. ഇവയെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടരുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വൈകാതെ കൂടുതല്‍ ആശുപത്രികള്‍ പങ്കാളികളാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കേരളത്തിനു പുറത്ത് നാഗര്‍കോവില്‍, മംഗളൂരു പ്രദേശങ്ങളില്‍ കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ മേഖലയില്‍ താലൂക്കാശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍വരെയാണ് പദ്ധതിയില്‍ കാഷ്ലെസ് ചികിത്സ ലഭിക്കുന്നത്.

ആശുപത്രികളുടെ പട്ടികയും അവിടങ്ങളില്‍ ലഭിക്കുന്ന ചികിത്സയും മെഡിസെപ് പോര്‍ട്ടലിലും മന്ത്രിയുടെ ഫെയ്സ് ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.