കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ കേസില്‍ കുടുക്കാന്‍ വീണ്ടും നീക്കം

കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ കേസില്‍ കുടുക്കാന്‍ വീണ്ടും നീക്കം

സിഡ്നി: കത്തോലിക്ക സഭയുടെ ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന അജപാലകനും വത്തിക്കാന്‍ മുന്‍ ട്രഷററുമായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ വീണ്ടും കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. ലൈംഗിക പീഡനക്കേസില്‍ പൂര്‍ണ നിരപരാധിയെന്നു രാജ്യത്തെ പരമോന്നത കോടതി കണ്ടെത'തിയ കര്‍ദിനാളിനെതിരേയും മെല്‍ബണ്‍ അതിരൂപതയ്ക്കുമെതിരെയാണ് ഗായകസംഘാംഗമായിരുന്ന ബാലന്റെ പിതാവ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരം ലക്ഷ്യമിട്ടാണ് വിക്ടോറിയയിലെ സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്.

81 വയസുകാരനായ കര്‍ദിനാളിനെയും കത്തോലിക്ക സഭയെയും വീണ്ടും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള നീക്കത്തിനെതിരേ വിമര്‍ശനം ശക്തമാണ്. 13 മാസത്തോളം നീണ്ട ജയില്‍വാസത്തിനു ശേഷം നിരപാധിത്വം തെളിയിച്ച കേസില്‍ വീണ്ടും കര്‍ദിനാളിനെ കുടുക്കാനുള്ള ചില വ്യക്തികളുടെ നീക്കം കത്തോലിക്ക സഭയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന ആശങ്ക വിശ്വാസികള്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു.

ജീവിതത്തിലുടനീളം വിശുദ്ധി കാത്തുസൂക്ഷിച്ച കര്‍ദിനാളിനെതിരേ നേരത്തെ ഉയര്‍ന്ന ആരോപണങ്ങളും കേസും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു തെളിഞ്ഞുകഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ രാജ്യത്തെ പ്രമുഖ നിയമവിദഗ്ധര്‍ പോലും കര്‍ദിനാളിനൊപ്പമാണ് നിലകൊണ്ടത്.

1990-ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്യുമ്പോള്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ വച്ച് ഗായകസംഘത്തിലെ രണ്ട് ബാലന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതായിരുന്നു കര്‍ദിനാളിനെതിരേയുള്ള കേസ്. 13 മാസം തടവില്‍ പാര്‍പ്പിച്ചതിനു ശേഷം ഓസ്‌ട്രേലിയയിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതി 2020 ഏപ്രിലിലാണ് കര്‍ദിനാള്‍ പെല്ലിനെ ഏകകണ്ഠമായ തീരുമാനത്തിലൂടെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് ജയില്‍മോചിതനായി.

ഗായക സംഘാംഗങ്ങളില്‍ ഒരാള്‍ മയക്കുമരുന്ന് അമിതമായി കഴിച്ചാണ് 2014-ല്‍ മരിച്ചത്. മകന്റെ മരണമുണ്ടാക്കിയ ഞെട്ടലാണ് കേസ് നല്‍കാനുള്ള കാരണമായി പിതാവ് പറയുന്നത്. കടുത്ത വിഷാദത്തിനുള്ള ചികില്‍സാച്ചെലവുമൂലം തന്റെ വരുമാനം മുഴുവന്‍ നഷ്ടപ്പെട്ടെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു.

വിക്ടോറിയന്‍ സംസ്ഥാന പോലീസും നീതിന്യായ സംവിധാനങ്ങളും വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതിന്റെ ഫലമാണ് കര്‍ദിനാളിനെതിരേയുള്ള കേസെന്ന് കോടതി കണ്ടെത്തിയിരുന്നു. കര്‍ദിനാളിനെതിരേ വ്യാജ വാര്‍ത്തകള്‍ മെനഞ്ഞ് ആഘോഷിച്ച മാധ്യമങ്ങള്‍ക്കും കോടതി പിഴശിക്ഷ ഈടാക്കിയിരുന്നു.

ഓസ്ട്രേലിയയിലെ കത്തോലിക്ക സഭയെ പല വിധത്തില്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ കാലങ്ങളായി ചില സ്വാര്‍ത്ഥ തല്‍പരര്‍ നടത്തുന്നുണ്ട്. രാജ്യത്ത് മതമില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നതായി അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നവരുടെയും അതിനെ പിന്തുണയ്ക്കുന്നവരുടെയും ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നതാണ് പുതിയ സെന്‍സസ് കണക്കുകള്‍.

കൂടുതല്‍ വായനയ്ക്ക്:

കര്‍ദിനാള്‍ ജോര്‍ജ് പെല്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇര: നിയമ വിദഗ്ധന്‍ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.