കര്‍ദിനാള്‍ ജോര്‍ജ് പെല്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇര: നിയമ വിദഗ്ധന്‍ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍

കര്‍ദിനാള്‍ ജോര്‍ജ് പെല്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇര: നിയമ വിദഗ്ധന്‍ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍

മെല്‍ബണ്‍: കത്തോലിക്ക സഭയുടെ ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന അജപാലകനായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരേയുള്ള ലൈംഗിക പീഡനക്കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നു പ്രമുഖ നിയമ വിദഗ്ധന്‍ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍. കേസില്‍ വിക്ടോറിയന്‍ സംസ്ഥാന പോലീസും നീതിന്യായ സംവിധാനങ്ങളും വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. 'ദ കാത്തലിക്' വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേസുമായി ബന്ധപ്പെട്ട സുപ്രധാന നിരീക്ഷണങ്ങള്‍ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍ നടത്തിയത്. മെല്‍ബണ്‍ സര്‍വകലാശാലയിലെ ന്യൂമാന്‍ കോളജ് നിയമ വിഭാഗം പ്രൊഫസറും റെക്ടറുമാണ് ഫാ. ബ്രണ്ണന്‍.


ഫാ. ഫ്രാങ്ക് ബ്രണ്ണന്‍

കര്‍ദിനാളിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതായിരുന്നെന്നു തനിക്കു മുന്‍പേ തന്നെ ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതര്‍ക്കോ പരാതിക്കാര്‍ക്കോ ഇവിടുത്തെ പോലീസിനെയും നിയമ സംവിധാനങ്ങളെയും ആശ്രയിക്കാനാകില്ലെന്ന് അവര്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ദിനാളിനെതിരായ കേസ് സംബന്ധമായ വിചാരണകളിലും അപ്പീലുകളിലും ഫാ. ബ്രണ്ണന്‍ ഇടപെട്ടിരുന്നു.

കര്‍ദിനാളിനെ കുറ്റാരോപിതനാക്കി മാസങ്ങളോളം അദ്ദേഹം അനാവശ്യമായ വേദന തിന്നുകഴിഞ്ഞു. യഥാര്‍ഥത്തില്‍ ദുരുപയോഗത്തിന് ഇരയായവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിയും വന്നു. കര്‍ദിനാളിന്റെ കാര്യത്തില്‍ വിക്ടോറിയന്‍ പോലീസിന്റെയും വിക്ടോറിയ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ തനിക്ക് ക്ഷമിക്കാനാകില്ലെന്നും ഫാദര്‍ ബ്രണ്ണന്‍ പറഞ്ഞു.
മുന്‍ പോലീസ് കമ്മീഷണര്‍ ഗ്രഹാം ആഷ്ടന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍ നിശിതമായി വിമര്‍ശിച്ചു. 13 മാസം തടവില്‍ പാര്‍പ്പിച്ചതിനു ശേഷം ഓസ്‌ട്രേലിയയിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കര്‍ദിനാള്‍ പെല്ലിനെ ഏകകണ്ഠമായ തീരുമാനത്തിലൂടെ കുറ്റവിമുക്തനാക്കിയത്.

പരാതിക്കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിയമസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ട്.

കേസ് സംബന്ധിച്ച ഫാ. ഫ്രാങ്ക് ബ്രണ്ണന്റെ നിരീക്ഷണങ്ങള്‍ 'ഒബ്‌സര്‍വേഷന്‍സ് ഓണ്‍ ദി പെല്‍ പ്രൊസീഡിംഗ്‌സ്' എന്ന പേരില്‍ പുസ്തകമായി ഏപ്രിലില്‍ പ്രസിദ്ധീകരിച്ചു.


'കാലം മായ്ക്കാത്ത ക്രൂരത':  വിക്ടോറിയന്‍ പോലീസ് കര്‍ദിനാള്‍ പെല്ലിനെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചപ്പോള്‍. (ഫയല്‍ ചിത്രം)

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച റോയല്‍ കമ്മിഷന്റെ അന്വേഷത്തിനൊടുവില്‍ നിരപരാധിയായ കര്‍ദിനാള്‍ ബലിയാടായി തീരുകയായിരുന്നു. 1990 ല്‍ മെല്‍ബണ്‍ ബിഷപ്പ് ആയി സേവനം ചെയ്യുമ്പോള്‍ ദേവാലയ ഗായക സംഘാംഗങ്ങളായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം.

പ്രോസിക്യൂട്ടര്‍ മാര്‍ക്ക് ഗിബ്‌സണ് കര്‍ദിനാളിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടു. എന്നാല്‍ പോലീസിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ സ്റ്റിംഗ് ഓപ്പറേഷന്റെ ഇരയായി കര്‍ദിനാള്‍ മാറുകയായിരുന്നു. കര്‍ദിനാളിനെതിരേ കുറ്റം ചുമത്തിയാല്‍ അദ്ദേഹത്തിന്റെ പ്രശസ്തി നശിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ കേസ് കര്‍ദിനാളിനോ കത്തോലിക്കാ സഭയ്ക്കോ പരാതിക്കാര്‍ക്കോ ഒരു ഗുണവും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.