ഓസ്ട്രേലിയയിൽ ദയാവധ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമം പരാജയപ്പെട്ടു; വിശ്വാസ സ്ഥാപനങ്ങൾ കൊലപാതക കേന്ദ്രങ്ങളല്ലെന്ന് സിഡ്നി ആർച്ച്‌ ബിഷപ്പിന്റെ ശക്തമായ മുന്നറിയിപ്പ്

ഓസ്ട്രേലിയയിൽ ദയാവധ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമം പരാജയപ്പെട്ടു; വിശ്വാസ സ്ഥാപനങ്ങൾ കൊലപാതക കേന്ദ്രങ്ങളല്ലെന്ന് സിഡ്നി ആർച്ച്‌ ബിഷപ്പിന്റെ ശക്തമായ മുന്നറിയിപ്പ്

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ദയാവധ നിയമങ്ങൾക്കെതിരെ(വി.എ.ഡി) സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി കടുത്ത വിമർശനവുമായി രംഗത്ത്. വിശ്വാസപരമായ വയോജന പരിപാലന കേന്ദ്രങ്ങളിൽ ദയാവധം നടപ്പാക്കുന്ന കൊലപാതക ടീമുകളെ ഹോസ്റ്റ് ചെയ്യാൻ നിർബന്ധിക്കരുത് എന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

ന്യൂ സൗത്ത് വെയിൽസിലെ ദയാവധ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ആർച്ച് ബിഷപ്പ് വിമർശനം ഉന്നയിച്ചത്. വിശ്വാസപരമായ സ്ഥാപനങ്ങൾക്ക് അവരുടെ പരിസരത്ത് ദയാവധം നൽകുന്നതിന് വിസമ്മതിക്കാൻ അവകാശം നൽകാനുള്ള നിർദേശമാണ് കഴിഞ്ഞ മാസം പാർലമെന്റിൽ തള്ളിയത്.

വയോജന പരിപാലന ദാതാക്കളെയും ജീവനക്കാരെയും താമസക്കാരെയും മാരകമായ മരുന്നുകളിൽ നിന്ന് സംരക്ഷിക്കാൻ എൻ.എസ്.ഡബ്ല്യു ലേബർ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആർച്ച് ബിഷപ്പ് ഫിഷർ ആവശ്യപ്പെട്ടു.

ഓരോ മനുഷ്യ ജീവനും പവിത്രമാണെന്ന കാഴ്ചപ്പാടാണ് പലരെയും വിശ്വാസപരമായ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്. ദുർബലരായ പ്രായമായവർക്ക് ദയാവധ നിയമങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുള്ള ഒരിടത്ത് അവരുടെ അവസാന നാളുകൾ ജീവിക്കാൻ അവസരം നൽകണം. പതിറ്റാണ്ടുകളായി രോഗികളെയും പ്രായമായവരെയും സേവിക്കുന്ന ജീവനക്കാരെ അവരുടെ സ്ഥാപനങ്ങളിൽ ആളുകൾ വന്ന് മാരകമായ മരുന്നുകൾ നൽകാൻ നിയമം മൂലം നിർബന്ധിക്കരുത് എന്നും അദേഹം ചൂണ്ടിക്കാട്ടി.

വിക്ടോറിയ, ടാസ്മാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാനമായ നിയമങ്ങൾ നിലവിലുണ്ടെന്നും അതിനാൽ വി.എ.ഡി യോടുള്ള എതിർപ്പ് രേഖപ്പെടുത്താനുള്ള അവകാശം വിവാദമാകേണ്ട കാര്യമില്ല എന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ ദയാവധം നിയമവിധേയമാക്കുന്ന അവസാന അധികാരപരിധിയാകാൻ നോർത്തേൺ ടെറിട്ടറി (എൻ.ടി.) ഒരുങ്ങുന്ന സാഹചര്യത്തിൽ നിയമത്തെ എതിർക്കുന്ന സ്ഥാപനങ്ങൾക്ക് അതിൽ പങ്കെടുക്കാതിരിക്കാൻ അനുമതി നൽകണമെന്ന് ഒരു റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.

നിലവിൽ ന്യൂ സൗത്ത് വെയിൽസ്, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലാൻഡ്, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിശ്വാസപരമായ വയോജന പരിപാലന കേന്ദ്രങ്ങൾ അവരുടെ സ്ഥാപനങ്ങളിൽ ദയാവധം അനുവദിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.