യുദ്ധഭൂമിയിലെ മുറിവുകൾക്ക് ആശ്വാസമായി ഓസ്‌ട്രേലിയൻ സഭ ; ഉക്രെയ്ൻ കാത്തലിക് സിനഡിന് മെൽബണിൽ ഊഷ്മള വരവേൽപ്പ്

യുദ്ധഭൂമിയിലെ മുറിവുകൾക്ക് ആശ്വാസമായി ഓസ്‌ട്രേലിയൻ സഭ ; ഉക്രെയ്ൻ കാത്തലിക് സിനഡിന് മെൽബണിൽ ഊഷ്മള വരവേൽപ്പ്

മെൽബൺ: യുദ്ധത്തിൻ്റെ കെടുതികൾ നേരിടുന്ന ഉക്രെയ്ൻ ജനതയ്ക്ക് തുടർന്നും ആത്മീയവും ഭൗതികവുമായ പിന്തുണ വാഗ്ദാനം ചെയ്ത് ഓസ്‌ട്രേലിയൻ കത്തോലിക്കാ സഭ. ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോ എസ്.ഡി.ബി ഉക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളെ മെൽബണിൽ വെച്ച് അഭിസംബോധന ചെയ്തു.

ചരിത്രത്തിലാദ്യമായാണ് ഉക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പെർമനൻ്റ് സിനഡ് യോഗത്തിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്നത്. ഇത് തങ്ങൾക്ക് ലഭിച്ച വലിയ ബഹുമതിയായി കാണുന്നുവെന്ന് ആർച്ച് ബിഷപ്പ് കോസ്റ്റെല്ലോ സിനഡിനെ അറിയിച്ചു. സിനഡിന് അധ്യക്ഷത വഹിക്കാനായി ഉക്രെയ്നിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമായി മെൽബണിലെത്തിയ ബിഷപ്പുമാരെയാണ് കോസ്റ്റെല്ലോ അഭിസംബോധന ചെയ്തത്. മേജർ ആർച്ച് ബിഷപ്പ് സ്വിറ്റോസ്ലാവ് ഷെവ്ചുക്ക് യോഗത്തിന് നേതൃത്വം നൽകി.

ഉക്രെയ്ൻ ജനത അനുഭവിക്കുന്ന അഗാധമായ ആഘാതത്തെക്കുറിച്ച് ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് വിശദീകരിച്ചു. "രാത്രിയിൽ വ്യോമാക്രമണ മുന്നറിയിപ്പുകളോട് പ്രതികരിക്കുകയും പകൽ ആക്രമണകാരികളോട് പോരാടുന്ന പ്രിയപ്പെട്ടവരുടെ വാർത്തകൾക്കായി ഭയത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ജനതയുടെ മുറിവുകൾ ഉണങ്ങാൻ ദശാബ്ദങ്ങൾ വേണ്ടി വരും. ഞങ്ങളുടെ പ്രധാന അജപാലന ശ്രദ്ധ ഇതായിരിക്കും." - ആർച്ച് ബിഷപ്പ് പറഞ്ഞു.

"നഗരങ്ങളിലെ തുടർച്ചയായ ബോംബാക്രമണം, അടിസ്ഥാന സൗകര്യങ്ങളുടെ നാശം, സൈനികരുടെയും സാധാരണക്കാരുടെയും മരണസംഖ്യ എന്നിവ ഉക്രെയ്ൻ നേരിടുന്ന വലിയ വെല്ലുവിളികളാണ്. അതിനാൽ നിങ്ങൾ ഞങ്ങൾക്കുവേണ്ടി തുടർന്നും പ്രാർത്ഥിക്കണമെന്ന് ഓസ്‌ട്രേലിയയിലെ ബിഷപ്പുമാരോടും ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്. ഞങ്ങൾ കൊതിക്കുന്ന സമാധാനം നേടിത്തരുന്നത് പ്രാർത്ഥനയിലൂടെ മാത്രമേ സാധ്യമാകൂ."- ആർച്ച് ബിഷപ്പ് പറഞ്ഞു.

സാധ്യമാകുമ്പോൾ ഉക്രെയ്ൻ സന്ദർശിക്കാൻ തങ്ങളുടെ സഹോദര ബിഷപ്പുമാരെ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് ഔപചാരികമായി ക്ഷണിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.