ഭാരതത്തിന്റെ രാഷ്ട്രപതിമാർ: പരമ്പര - 8
കോൺഗ്രസിനകത്ത് അഭിപ്രായ ഭിന്നതകൾ ശക്തമായിരുന്ന കാലത്താണ് ആർ. വെങ്കിട്ടരാമൻ പ്രഥമ പൗരന്റെ പദം അലങ്കരിക്കുന്നത്. രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി പദം തെറിക്കുമെന്ന ആശങ്ക അക്കാലത്ത് ശക്തമായിരുന്നു. ഒപ്പം ഗ്യാനി സെയിൽ സിങിന് ഒരുതവണ കൂടി മത്സരിക്കാൻ താൽപര്യവുമുണ്ടായി.
പക്ഷെ ഇത് രാജീവ് ഗാന്ധിക്ക് സമ്മതമായില്ല. അപ്പോഴാണ് കോൺഗ്രസിലെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതിനായി വെങ്കിട്ടരാമന്റെ പേര് രാജീവ് നിർദേശിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ടു. എം.പിമാരുടെയും എം.എൽ.എമാരുടെയും വോട്ടുകൾ കൂട്ടിനോക്കുമ്പോൾ കോൺഗ്രസിനാണ് മേൽക്കോയ്മ എന്നതിനാൽ പാർട്ടി തിരഞ്ഞെടുപ്പ് സുഗമമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. അപ്പോഴും പ്രതിപക്ഷത്തിന് സമ്മതനായ ഒരു സ്ഥാനാർത്ഥിയെ ലഭിച്ചിരുന്നില്ല. എങ്കിലും കോൺഗ്രസിലെ ഭിന്നത, പിളർപ്പിലെത്തിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം.
കോൺഗ്രസ് (ഐ)യിൽ പിളർപ്പ് കൊണ്ടുവരാൻ ഏറ്റവും സാധ്യതയുള്ള വ്യക്തി മറ്റാരുമല്ല നിലവിലെ രാഷ്ട്രപതി സെയിൽ സിങാണെന്ന തിരിച്ചറിവായിരുന്നു ഇതിന് കരുത്ത് പകർന്നത്. പ്രതിപക്ഷം ഒന്നിച്ചുനിന്ന് പിന്തുണച്ചാൽ മത്സരിക്കാൻ സെയിൽ സിങിന് സമ്മതമായിരുന്നു. ഇതിനുള്ള നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് മലയാളി ഇടത് നേതാവ് ഇ.എം.എസും മറ്റും ചേർന്ന് മലയാളിയായ കൃഷ്ണയ്യരെ ഏകപക്ഷീയമായി രംഗത്തിറക്കിയത്. ബിജെപിക്ക് കൃഷ്ണയ്യരെ പിന്താങ്ങുകയല്ലാതെ മറ്റുമാർഗങ്ങൾ ഇല്ല എന്നതായിരുന്നു ഇടതുകക്ഷികളുടെ നിലപാട്.
പക്ഷെ അതിന് ബിജെപി വഴങ്ങിയില്ല. ഒരു പഴയ കമ്മ്യൂണിസ്റ്റ് സഹയാത്രികൻ എന്നമട്ടിൽ അദ്ദേഹത്തെക്കുറിച്ച് അന്ന് എൽ.കെ അദ്വാനി സംസാരിക്കുകയും ചെയ്തു. അവസാനം മലയാളിയായ കൃഷ്ണയ്യർ പ്രതിപക്ഷ സ്ഥാനാർത്ഥിയായി. എന്നാൽ ഈ രണ്ട് പേരേക്കാളും മാധ്യമങ്ങളിൽ ഇടം പിടിച്ചത് മൂന്നാമത്തെ സ്ഥാനാർത്ഥി അഭിഭാഷകനായ മിഥിലേഷ് കുമാറാണ്. കോൺഗ്രസിനെ നേരിടാൻ പ്രതിപക്ഷം ഡമ്മിയായി നിർത്തിയ സ്ഥാനാർത്ഥിയായാണ് മിഥിലേഷ് കുമാർ അറിയപ്പെട്ടത്.
ഒപ്പം മിഥിലേഷ് പ്രായമായ ആളാണെന്നും ശാരീരികമായി ദുർബലനായ വ്യക്തിയാണെന്നും സർക്കാരിലും ഇന്റലിജൻസ് ലോബികളിലും കഥ പ്രചരിച്ചു. മിഥിലേഷ് മരണപ്പെടുകയോ മറ്റോ ചെയ്താൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് റദ്ദാവും. അതോടെ സെയിൽ സിങ് അധികാരത്തിൽ തുടരുകയും രാജീവ് ഗാന്ധി സർക്കാരിനെ പിരിച്ചുവിടുമെന്ന ഭീഷണി നടപ്പാക്കുമെന്നും പ്രചരിച്ചു. പിന്നാലെ മിഥിലേഷിന് 300 പൊലീസുകാരുടെ സുരക്ഷയും വിഷമയമില്ലാത്ത ഭക്ഷണവും മുഴുവൻ സമയ ഡോക്ടറുടെ സേവനവും സർക്കാർ ഏർപ്പെടുത്തി കൊടുത്തു. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കാൻ വലിയ സമ്മർദ്ദമുണ്ടായതായി അന്നത്തെ റിട്ടേണിങ് ഓഫീസർ പിൽക്കാലത്ത് വെളിപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പിനു മുൻപ് തങ്ങൾക്ക് ജനത്തെ ഓൾ ഇന്ത്യ റേഡിയോയിലൂടെയും ദൂരദർശനിലൂടെയും അഭിസംബോധന ചെയ്യാൻ അവസരം നൽകണമെന്ന് സ്ഥാനാർത്ഥികളായ കൃഷ്ണയ്യരും മിഥിലേഷ് കുമാറും അഭ്യർഥിച്ചതും കേന്ദ്രം അത് തള്ളിയ സംഭവവും അന്നുണ്ടായി. 1987 ജൂലൈ 25 ന് ഇന്ത്യയുടെ എട്ടാമത്തെ പ്രസിഡന്റായി ആർ. വെങ്കിട്ടരാമൻ സത്യപ്രതിജ്ഞ ചെയ്തു. ആർ. വെങ്കട്ടരാമൻ 7,40,148, വി.ആർ കൃഷ്ണയ്യർ 2,81,550, മിഥിലേഷ് കുമാർ 2,223 എന്നിങ്ങനെയായിരുന്നു വോട്ടുനില.
1992 ജൂലൈ 25 ന് അവസാനിച്ച അദ്ദേഹത്തിന്റെ ഭരണകാലത്ത് നരസിംഹറാവു, ചന്ദ്രശേഖർ, വിശ്വനാഥ് പ്രതാപ് സിംഗ്, രാജീവ് ഗാന്ധി എന്നീ നാല് പ്രധാനമന്ത്രിമാരുടെ മാറി മാറിയുള്ള ഭരണവും ഇന്ത്യ കണ്ടു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാജമഠം ഗ്രാമത്തിൽ 1910 ഡിസംബർ 10 നാണ് ആർ. വെങ്കിട്ടരാമന്റെ ജനനം. പട്ടുകോട്ടൈ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും തിരുച്ചിറപ്പള്ളി നാഷണൽ കോളജിൽ ബിരുദവും നേടി.
പ്രാദേശികമായും മദ്രാസിൽ വിദ്യാഭ്യാസം നേടിയ വെങ്കിട്ടരാമൻ മദ്രാസിലെ ലയോള കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് മദ്രാസിലെ ലോ കോളജിൽ നിന്ന് നിയമത്തിൽ യോഗ്യതയും നേടി. സ്വാതന്ത്ര്യസമര സേനാനി, രാജ്യതന്ത്രഞ്ജൻ, സുപ്രീം കോടതി അഭിഭാഷകൻ, ഭരണാധികാരി, ട്രേഡ് യൂനിയൻ നേതാവ്, പത്രാധിപർ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു അദ്ദേഹം.
1952 ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1955 മുതൽ 1999 വരെ യു.എൻ അഡ്മിനസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായിരുന്ന അദ്ദേഹം 77 ൽ വീണ്ടും പാർലമെന്റ് അംഗമായി. തുടർന്ന് കേന്ദ്ര മന്ത്രിയും ഉപരാഷ്ട്രപതിയുമായി. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി, തമിഴ്‌നാടിന്റെ വ്യവസായ ശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി, ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി, മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകൾ. തൊണ്ണൂറ്റിയെട്ടാം വയസിൽ 2009 ജനുവരി 27 ന് അദ്ദേഹം അന്തരിച്ചു.
തുടരും…..
ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.