ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ചരിത്രവും ഭരണഘടനാപരമായ പശ്ചാത്തലവും

ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ചരിത്രവും ഭരണഘടനാപരമായ പശ്ചാത്തലവും

ഛത്തീസ്ഗഡിലെ മലയാളികളായ ക്രൈസ്തവ സന്യാസിനിമാരുടെ അറസ്റ്റിനെ തുടര്‍ന്ന് മത സ്വാതന്ത്ര്യത്തെക്കുറിച്ചും നിര്‍ബന്ധിത മത പരിവര്‍ത്തന നിയമങ്ങളെക്കുറിച്ചും വളരെയധികം ചര്‍ച്ചകളാണ് നടക്കുന്നത്.

പരസ്പരം പഴി ചാരി ഈ കരിനിയമം കൊണ്ടു വന്നതിന്റെ ഉത്തവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിച്ച് ശ്രമിക്കുന്നത് ചരിത്രബോധമുള്ളവരില്‍ പരിഹാസമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളെക്കുറിച്ച് സമഗ്രമായ ഒരു പഠനമാണ് ഈ ലേഖനത്തിലൂടെ ഉദേശിക്കുന്നത്.

പണ്ട് മുതലേ ഭാരതത്തിലെ മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ (Freedom of Religion Acts) മത സ്വാതന്ത്ര്യത്തിന്റെയും പൊതു ശ്രേണിയുടെയും അതിരുകള്‍ നിര്‍വ്വചിക്കുന്നതില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം, വ്യക്തികള്‍ക്ക് മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനും അവകാശമുണ്ട്.

ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഒരുപാട് കാലമായി ചര്‍ച്ചാ വിഷയമാണ്. ഈ നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍, വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക ഐക്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി മാനങ്ങളുണ്ട്.

പശ്ചാത്തലം

ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത്, മതപരിവര്‍ത്തനം ഒരു പ്രധാന സാമൂഹിക വിഷയമായിരുന്നു. മത പരിവര്‍ത്തനത്തിലൂടെയുള്ള സ്വാധീനം സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശ്വസിച്ചു. അതിനാല്‍, മത പരിവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചില നിയമങ്ങള്‍ കൊണ്ടുവന്നു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പാസാക്കി. ആദ്യത്തെ നിയമം 1967 ല്‍ ഒറീസ പാസാക്കിയ ഒറീസ ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 1967 ആയിരുന്നു.

ഈ നിയമം ബല പ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ, പ്രേരണയിലൂടെയോ ഉള്ള മത പരിവര്‍ത്തനങ്ങളെ നിരോധിച്ചു. പിന്നീട്, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ പാസാക്കി.

ഭരണഘടനാപരമായ പശ്ചാത്തലം

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു. ഈ ആര്‍ട്ടിക്കിള്‍ പ്രകാരം, ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. (Article 25 says 'all persons are equally entitled to freedom of conscience and the right to freely profess, practice, and propagate religion,subject to public order, morality and health' ) എന്നാല്‍ ഈ അവകാശം 'Public Order', 'Morality', 'Health' എന്നീ വ്യവസ്ഥകള്‍ക്ക് വിധേയമാണ്.

അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര സമാധാനം സ്ഥാപിക്കാന്‍ എന്ന വകുപ്പ് പ്രകാരം മത പരിവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ ഭരണഘടനാപരമായ അധികാരമുണ്ട്. ഭരണഘടനയുടെ ഈ ഇളവ് അവകാശമാക്കിയാണ് പല സംസ്ഥാനങ്ങളും മത സ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാകുന്ന രീതിയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ നിയമങ്ങള്‍ പലപ്പോഴും ആര്‍ട്ടിക്കിള്‍ 25 ന് വിരുദ്ധമാണെന്ന് ചിലര്‍ വാദിക്കുന്നു. ബല പ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ഉള്ള മത പരിവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി 1977 ലെ സ്റ്റനിസ്‌ളാവൂസ് കേസില്‍ വിധിച്ചു. ഈ കേസില്‍ ബല പ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.

ചരിത്രപരമായ തുടക്കം

സ്വാതന്ത്ര്യത്തിന് മുമ്പ് ചില നാട്ടുരാജാക്കന്മാര്‍ (ഉദാ: ഉദയ്പൂര്‍, ബിക്കാനീര്‍, കലഹണ്ടി) ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ എന്ന പേരില്‍ നിയമങ്ങള്‍ കൊണ്ടു വന്നിരുന്നു.സ്വാതന്ത്ര്യാനന്തര കാലത്ത് കോണ്‍ഗ്രസിതര / കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം നിയമങ്ങള്‍ക്ക് തുടക്കം കുറിച്ചു: ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഒഡീഷ (1967) ഒഡീഷ ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട്, 1967 (Odisha Freedom of Religion Act, 1967) , മുഖ്യമന്ത്രി- രാജേന്ദ്ര നാരായണ്‍ സിങ് ദിയോ ( സ്വതന്ത്ര പാര്‍ട്ടി). മധ്യപ്രദേശ് (1968) ധര്‍മ്മ സ്വാതന്ത്ര്യ നിയമം, ബില്ല് അവതരിപ്പിച്ചത് കോണ്‍ഗ്രസിലെ ദ്വാരക പ്രസാദ് മിശ്രയാണ്. തുടര്‍ന്ന് അദേഹം രാജി വയ്ക്കുകയും പിന്നീട് മുഖ്യമന്ത്രിയായായ ഗോവിന്ദ് സിങ് നാരായണ്‍ സിങിന്റെ (സംയുക്ത വിധായക് ദള്‍) സമയത്ത് അതേ വര്‍ഷം തന്നെ ബില്ല് പാസാക്കുകയും ചെയ്തു.

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട് നിയമങ്ങളും ബലം, പ്രലോഭനം, വഞ്ചന എന്നിവ മുഖേന നടക്കുന്ന മത പരിവര്‍ത്തനം കുറ്റകരമാക്കി. 1978 ല്‍ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അരുണാചല്‍ പ്രദേശില്‍ സമാനമായ നിയമം കൊണ്ടു വന്നു. പിന്നീട് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ കടുത്ത നിയമങ്ങള്‍ കൊണ്ടു വന്നു.

ഹിമാചല്‍ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് (Himachal Pradesh Freedom of Religion Act). ആദ്യ നിയമം (2006): കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വിര്‍ഭദ്ര സിങ് 2006 ലാണ് ആദ്യമായി നിയമം കൊണ്ടു വന്നത്. പിന്നീട് 2019 ല്‍ ബിജെപിയുടെ ജയ് റാം താക്കൂര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കൂടുതല്‍ കര്‍ശനമായ ഭേദഗതികളോടെ ഒരു പുതിയ നിയമം പാസാക്കി. 2022 ല്‍ ജയ് റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമം കൂടുതല്‍ ശക്തമാക്കാനുള്ള ഭേദഗതികള്‍ കൊണ്ടുവന്നു.

അരുണാചല്‍ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട്് (Arunachal Pradesh Freedom of Religion Act): ഈ നിയമം 1978 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രേം ഖണ്ഡു തുങ്കന്റെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാര്‍ പാസാക്കി. നിയമം പാസാക്കിയെങ്കിലും ദശാബ്ദങ്ങളോളം ഇത് നടപ്പിലാക്കിയില്ല. പിന്നീട് 2024 ല്‍ ഗുവാഹട്ടി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിലവിലെ മുഖ്യമന്ത്രി പ്രേം ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ തുടങ്ങി.

ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2003: അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കി.

ഉത്തരാഖണ്ഡ് (2018), ഉത്തര്‍പ്രദേശ് (2020), കര്‍ണാടക (2021) തുടങ്ങിയ സംസ്ഥാനങ്ങള്‍ വിവാഹം വഴി നടക്കുന്ന മത പരിവര്‍ത്തനങ്ങള്‍ തടയുന്നതിനും മുന്‍കൂട്ടി ജില്ലാ മജിസ്‌ട്രേറ്റിന് അറിയിപ്പ് നല്‍കുന്നതിനും നിയമങ്ങള്‍ നടപ്പാക്കി.

കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് കൊണ്ടു വന്നത്. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ 2023ല്‍ ഈ നിയമം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലും (എഐഡിഎംകെ) ഈ നിയമം പാസാക്കിയെങ്കിലും പിന്നീട് ക്രൈസ്തവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കി.

സുപ്രീം കോടതി വിധികള്‍

Rev. Stanislaus vs State of Madhya Pradesh (1977) കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത് മതം പ്രചരിപ്പിക്കാനുള്ള അവകാശം എന്നത് മറ്റൊരാളെ ബലം, വഞ്ചന, പ്രലോഭനം എന്നിവ മുഖേന മതം മാറാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശമല്ല എന്നാണ്. അതുവഴി സംസ്ഥാനങ്ങളുടെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഭരണഘടനാപരമായി സാധുവാണെന്ന് കോടതി വിധിച്ചു.

രാഷ്ട്രീയ ഉത്തരവാദിത്വം

ഇത്തരം നിയമങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ നയം പിന്തുടര്‍ന്ന് ഈ നിയമങ്ങളില്‍ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നത് ബിജെപിയുമാണ്. ഏതായാലും ഈ രണ്ട് പാര്‍ട്ടികളും ഈ നിയമത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുവെന്നത് വ്യക്തമാണ്.

കാരണം ഉത്തരേന്ത്യയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ സഹായിക്കുന്ന ഹിന്ദുത്വ-മൃദു ഹിന്ദുത്വ നയങ്ങളുടെ വക്താക്കളായി പ്രവര്‍ത്തിച്ചിട്ടുള്ള പാര്‍ട്ടികളാണ് കോണ്‍ഗ്രസും ബിജെപിയും. ഇത്തരം നിയമങ്ങളുടെ വാതില്‍ തുറന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ്. മത സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ ഉറപ്പുകള്‍ മറികടന്ന്, ''പബ്ലിക് ഓര്‍ഡര്‍'' എന്ന പേരില്‍ നിയന്ത്രണങ്ങള്‍ക്ക് വഴി തീര്‍ത്തത് ഇവരുടെ ഭരണ കാലത്താണ്.

മത സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാവകാശം നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചില സംസ്ഥാന ഘടകങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത് തുടര്‍ന്ന് വന്ന ബി ജെപി സര്‍ക്കാരുകള്‍ക്ക് ഈ നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ സഹായകമായി എന്നതാണ് വസ്തുത.

ബിജെപി സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചപ്പോള്‍ വിവാഹം, മത പരിവര്‍ത്തനം ഇവയെ ബന്ധിപ്പിച്ച് രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. രണ്ട് പാര്‍ട്ടികളും ഇതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുവെന്നത് വ്യക്തം. കോണ്‍ഗ്രസ് അധികാരത്തില്‍ നിയമങ്ങളുടെ ആദ്യ ഘടന ഒരുക്കി. ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ അതിനെ മാര്‍ഗ ദര്‍ശിയായും പ്രചാരണായുധമായും മാറ്റി.

വിവാദങ്ങളും വിമര്‍ശനങ്ങളും


മത പരിവര്‍ത്തന നിരോധന നിയമങ്ങള്‍ പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ നിയമങ്ങള്‍ വ്യക്തിയുടെ മത സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു. കൂടാതെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചിലര്‍ ഈ നിയമങ്ങള്‍ സ്‌നേഹ ബന്ധങ്ങളെയും വിവാഹങ്ങളെയും നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നുവെന്നും വാദിക്കുന്നു.

മറുവശത്ത്, ഈ നിയമങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഇത് സാമൂഹിക ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ ആവശ്യമാണെന്ന് വാദിക്കുന്നു. ബല പ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും ഉള്ള മത പരിവര്‍ത്തനങ്ങള്‍ തടയുന്നത് മത സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു.

ചുരുക്കത്തില്‍ ഇന്ത്യയിലെ മത പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട ഒരു സങ്കീര്‍ണ വിഷയമാണ്. ഈ വിഷയത്തില്‍ വിവിധ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. ഈ നിയമങ്ങള്‍ ദുരുദ്ദേശപരമായി ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം മതം സ്വീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുമ്പോള്‍ അതില്‍ അനാവശ്യ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേസുകള്‍ എടുക്കുന്ന രീതി എത്രയും വേഗം അവസാനിപ്പിക്കണം. ഈ നിയമത്തെ നിയമം മാത്രമായി കാണുകയും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടത്അനിവാര്യമാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.