പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന്; സംസ്ഥാന കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട്

പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന്; സംസ്ഥാന കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22ന് പ്രസിദ്ധീകരിച്ച് 25ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 2022-23 അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇനി പ്രിന്‍സിപ്പാളിന്റെ കീഴിലാവും. ഹെഡ്മാസ്റ്റര്‍മാര്‍ വൈസ് പ്രിന്‍സിപ്പാള്‍മാരാകും.

സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

സംസ്ഥാനത്ത് 21 സ്‌കൂളുകള്‍ മിക്‌സഡാക്കി. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്‌കൂളുകളില്‍ സ്‌കൂള്‍ അധികാരികള്‍ തന്നെ സ്വമേധയാ നടപ്പിലാക്കുകയും പൊതു സമൂഹവും മാധ്യമങ്ങളും അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. അത്തരം തീരുമാനം നടപ്പാക്കിയ സ്‌കൂളുകളില്‍ കുട്ടികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ മറ്റു പരാതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് മനസിലാകുന്നത്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. പൊതുവെ സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്.

കൂടാതെ ക്ലാസുകളിലും ക്യാമ്പസിലും കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത്. ഇതു സംബന്ധിച്ച് കോവിഡ് കാലത്ത് നല്‍കിയ ഇളവ് നീക്കി. മൊബൈല്‍ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന കണ്ടെത്തലാണ് ഇളവ് നീക്കാന്‍ കാരണം. സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടു പോകുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്.

ഹൈ സ്‌കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്‌കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍.ജി.ഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്.

സ്‌കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ലെന്നും വ്യക്തമാക്കി. അധ്യാപകരും, പി.റ്റി.എ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി നേരത്തെയും പറഞ്ഞിരുന്നു. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്‌സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും.

സ്‌കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത മിക്‌സ്ഡ് സ്‌കൂളുകള്‍, ജന്‍ഡര്‍ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. ലിംഗ നീതിക്കായി ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചര്‍ച്ചയാക്കണമെന്നാണ് നിര്‍ദേശം. എസ്‌സിഇആര്‍ടി (SCERT) തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.