കൊച്ചി: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ 10 ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതം തുറന്നു. ഉച്ചയ്ക്ക് ഒന്നിന് മൂന്ന് ഷട്ടറുകള്‍ തുറന്നിരുന്നു. വൈകുന്നേരത്തോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. ഉച്ചകഴിഞ്ഞ് 3.30 ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതം തുറന്നു.
അതിനിടെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ശക്തമായ കാറ്റിനും മൂന്ന് മുതല്‍ 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം എട്ട്, ഒമ്പത് തിയതികളില്‍ 50 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. വടക്കന്‍ കര്‍ണാടക തീരങ്ങളില്‍ വെള്ളിയാഴ്ച 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നിലവില്‍ തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ കൂടാതെ നാല് ഷട്ടറുകള്‍ കൂടി വൈകുന്നേരം അഞ്ച് മണി മുതല്‍ 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ഇങ്ങനെ ആകെ 1870 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായും നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.