ചെന്നൈയില്‍ ഫെഡറല്‍ ബാങ്കില്‍ വന്‍ കവര്‍ച്ച; കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു

ചെന്നൈയില്‍ ഫെഡറല്‍ ബാങ്കില്‍ വന്‍ കവര്‍ച്ച; കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു

ചെന്നൈ: ചെന്നൈയില്‍ ബാങ്കില്‍ വന്‍ കവര്‍ച്ച. അരുമ്പാക്കത്ത് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ് ബാങ്കിലാണ് സംഭവം. ആയുധവുമായി ബാങ്കിലേക്ക് അതിക്രമിച്ചു കടന്ന മൂന്നംഗസംഘം ജീവനക്കാരെ കെട്ടിയിട്ട് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു. ബാങ്കിലെ തന്നെ ജീവനക്കാരനായ മുരുകന്‍ എന്നയാളിന്റെ നേതൃത്വത്തിലാണ് മോഷണം നടന്നത്.

പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് ആയുധധാരികളായ സംഘം അറുമ്പക്കത്തെ റസാഖ് ഗാര്‍ഡന്‍ മേഖലയിലെ ബാങ്കിലെത്തിയത്. സുരക്ഷാ ജീവനക്കാരന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കികിടത്തിയതിന് ശേഷം അകത്തുകടന്ന ഇവര്‍ മറ്റ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.

ലോക്കറുകളുടെ താക്കോല്‍ വാങ്ങിയതിന് ശേഷം ബാങ്ക് മാനേജരേയും മറ്റ് ചിലരേയും ശൗചാലയത്തില്‍ പൂട്ടിയിടുകയും ചെയ്തു. ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതിന് ശേഷം സംഘം രക്ഷപ്പെട്ടു. ബാങ്കിനുള്ളിലെയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്.

20 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍നിന്ന് വിരലടയാളം ശേഖരിച്ചു.

സ്വര്‍ണപ്പണയമടക്കം പണമിടപാടുകള്‍ നടത്തുന്ന നടത്തുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വര്‍ണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്റെ കൂട്ടാളികളെപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.