തിരുവനന്തപുരം: വിഴിഞ്ഞത്ത് അതിജീവനത്തിനായി പൊരുതുന്ന മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച്ച മുതല്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കടല്‍, കര മാര്‍ഗം വിഴിഞ്ഞം തുറമുഖം ഉപരോധിക്കുമെന്ന് സമരസമിതി വ്യക്തമാക്കി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച്ച കടല്‍ മാര്‍ഗം തുറമുഖം ഉപരോധിക്കുക.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം മത്സ്യത്തൊഴിലാളികളുടെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു തരത്തിലും പിന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് സമരസമിതി. സമരം കൂടുതല്‍ ശക്തമാക്കുമെന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫിഷറീസ് മന്ത്രിയുമായി ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴില്‍ അഞ്ച് ആവശ്യങ്ങളിലും ധാരണയായിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണം, തമിഴ്‌നാട് മോഡലില്‍ ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കണം എന്നീ ആവശ്യങ്ങളിലാണ് സര്‍ക്കാരുമായി ഇനി യോജിപ്പിലെത്താനുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്ന ധാരണയിലായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താം എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീയതിയും സമയവും അറിയിച്ചിട്ടില്ലെന്ന് ഫാ. യൂജിന്‍ പെരേര പറയുന്നു.
സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതി നാളെ യോഗം ചേരും. പുനരധിവാസത്തിനായി കൂടുതല്‍ ഭൂമി കണ്ടെത്തുന്നതും ക്യാമ്പുകളിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റുന്നതും അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് ഉപസമിതി പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.