ജമ്മു കാശ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: മൂന്ന് ഭീകരരെ സൈന്യം വധിച്ചു; പിടിച്ചെടുത്തതില്‍ ചൈനീസ് നിര്‍മിത തോക്കും

ജമ്മു കാശ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം: മൂന്ന് ഭീകരരെ സൈന്യം വധിച്ചു; പിടിച്ചെടുത്തതില്‍ ചൈനീസ് നിര്‍മിത തോക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഉറി സെക്ടറിനു സമീപം നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരില്‍ നിന്ന് ചൈനീസ് നിര്‍മിത തോക്ക് കണ്ടെത്തി. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. ചൈനീസ് നിര്‍മിത തോക്ക് കണ്ടെത്തിയത് പതിവില്ലാത്തതാണെന്ന് സൈന്യം അറിയിച്ചു.

എ.കെ സീരിസില്‍പ്പെട്ട രണ്ട് ആയുധങ്ങള്‍, ഒരു ചൈനീസ് എം16 തോക്ക്, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് ഉറിയിലെ കമാല്‍കോട്ട് മേഖലയില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു കണ്ടെത്തിയത്.

എകെ സീരിസിലുള്ളവയാണ് സാധാരണ കണ്ടെത്തുന്നത്. ചിലപ്പോള്‍ എം4 റൈഫിളുകളും (യുഎസ് നിര്‍മിതം) ലഭിക്കാറുണ്ട്. എന്നാല്‍ ഇത് ചൈനീസ് നിര്‍മിത എം16 എന്ന 9എംഎം കാലിബര്‍ തോക്കാണ്. ഈ കണ്ടെത്തല്‍ അസാധാരണമാണ്. ഒരു പാക്ക് നിര്‍മിത ബാഗും നാല് സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്‌സും ഉള്‍പ്പെടെയുള്ളവയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നു കണ്ടെടുത്തു.

സൈന്യത്തിന്റെ 19 ഇന്‍ഫന്‍ട്രി ഡിവിഷന്‍, ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) മേജര്‍ ജനറല്‍ അജയ് ചന്ദ്പുരി വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ചൈനീസ് സൈന്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഇപ്പോഴത്തെ ഘട്ടത്തില്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ അന്വേഷണവും പരിശോധനകളും നടത്തിയ ശേഷമേ അങ്ങനൊരു അനുമാനത്തിലെത്താനാകൂ. രഹസ്യ വിവരം അനുസരിച്ച് നുഴഞ്ഞുകയറ്റത്തിനു വേണ്ടി നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള 1520 ലോഞ്ച്പാഡുകളിലായി പാക്കിസ്ഥാന്‍ 100120 ഭീകരരെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഇത് ഉറി സെക്ടറിലെ കണക്കാണ്.

നുഴഞ്ഞുകയറ്റത്തെ ഇല്ലാതാക്കാന്‍ ശക്തമായ നീക്കം ഇന്ത്യ നടത്തുമ്പോഴും വീണ്ടും ഭീകരരെ അതിര്‍ത്തി കടത്താനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. 740 കിലോമീറ്ററിനുമേലുണ്ട് നിയന്ത്രണരേഖ. വളരെ ബുദ്ധിമുട്ടേറിയ മേഖലയാണിത്. രൂക്ഷമായ കാലാവസ്ഥയും. പരിശോധന എത്ര കര്‍ശനമാക്കിയാലും വീഴ്ചകളുണ്ടാക്കാം. അതു മുതലാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യയും മറ്റും ഉപയോഗിക്കുന്നതിനാല്‍ നുഴഞ്ഞുകയറ്റം ഗണ്യമായി കുറയ്ക്കാനായെന്നും അജയ് ചന്ദ്പുരി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.