ലോകായുക്ത ഭേദഗതി നിയമസഭ കടന്നു: കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ്; ഗവര്‍ണര്‍ ഒപ്പിടുമോ?..

ലോകായുക്ത ഭേദഗതി നിയമസഭ കടന്നു:  കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ്; ഗവര്‍ണര്‍ ഒപ്പിടുമോ?..

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്‍ നിയമ സഭയില്‍ അവതരിപ്പിച്ചു. ഇനി ഗവര്‍ണര്‍ ഒപ്പിടണം. എങ്കില്‍ മാത്രമേ ബില്ലിന് നയമ പ്രാബല്യം ലഭിക്കുകയുള്ളൂ. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ക്രമ പ്രശ്നം തള്ളി സ്പീക്കര്‍ എം.ബി രാജേഷ് റൂളിംഗും നല്‍കി.

ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂല നിയമത്തിലെ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ലോകായുക്ത വിധിയില്‍ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാന്‍ ആകും. മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു

അഴിമതി കേസില്‍ ലോകയുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളഞ്ഞത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ട് വന്നത്.

മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. സിപിഐ കൊണ്ടുവന്ന ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.