കറി മസാലകളിലും കുപ്പി വെള്ളത്തിലും ഉയര്‍ന്ന അളവില്‍ കീടനാശിനികള്‍; റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല

കറി മസാലകളിലും കുപ്പി വെള്ളത്തിലും ഉയര്‍ന്ന അളവില്‍ കീടനാശിനികള്‍; റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല

കണ്ണൂര്‍: സംസ്ഥാനത്ത് വിവിധ കമ്പനികള്‍ വിറ്റഴിക്കുന്ന കറി മസാല പൊടികളില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന എത്തിയോണ്‍ കീടനാശിനി ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉണ്ടെന്നുള്ള സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല.

കാക്കനാട് റീജനല്‍ അനലറ്റിക്ക് ലാബ് നല്‍കിയ വിവരാവകാശ മറുപടിയില്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഒരുവിധം എല്ലാ ബ്രാന്റ് കറി മസാലപ്പൊടികളിലും എത്തിയോണ്‍ കീടനാശിനിയുടെ അളവ് വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരമാണുള്ളതെന്ന് പൊതുപ്രവര്‍ത്തകനായ ലിയാനാര്‍ഡോ ജോണ്‍ പറഞ്ഞു.

വിപണിയില്‍ മാരകമായ കീടനാശിനി അടങ്ങിയ കറി മസാലപ്പൊടികളാണ് ഉളളതെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. മുളക്, മല്ലി, മഞ്ഞള്‍, ഇറച്ചി മസാല, ചില്ലി ചിക്കന്‍ മസാല, തന്തൂരി ചിക്കന്‍ മസാല, ഗരം മസാല എന്നീ പൊടികളില്‍ മനുഷ്യന്റെ  കരള്‍, വൃക്ക, നാഡീവ്യൂഹം എന്നിവ തകര്‍ക്കുകയും കാന്‍സറിനും മറ്റും കാരണമാവുകയും ചെയ്യുന്ന എത്തിയോണ്‍ അനുവദനീയമായ അളവിലും കൂടുതലുണ്ടെന്നാണ് കാക്കനാട് റീജണല്‍ അനലറ്റിക്ക് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എത്തിയോണ്‍ അളവ് 1.118 ഉള്ള മുളക് പൊടി വരെ വിപണിയിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. എത്തിയോണിന്റെ അനുവദനീയമായ അളവ് കിലോഗ്രാമിന് 0.01 എംജി മാത്രമാണ്. ഇതുപ്രകാരം ഒരു നൂറുഗ്രാം കറി, മസാലപൊടി പായ്ക്കറ്റില്‍ അനുവദനീയമായ എത്തിയോണ്‍ അളവ് 0.01 എംജിയുടെ പത്തില്‍ ഒരംശം മാത്രമേ പാടുള്ളൂ.

അതേ സമയം 1.118 ശതമാനം എത്തിയോണാണ് മലയാളി ഉപയോഗിക്കുന്ന മുളക് പൊടിയില്‍ മാത്രം ഉള്ളതെന്നത് ഭീകരമായ സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചില്ലി ചിക്കന്‍ മസാലകളില്‍ സിന്തറ്റിക്ക് ഫുഡ് കളറുകള്‍ അമിതമായി അടങ്ങിയതും രേഖപ്പെടുത്തിയിട്ടുണ്ട്. കാക്കനാട് ലാബില്‍ പരിശോധിച്ച് മൂന്ന് കമ്പനികളുടെ കുപ്പി വെള്ളത്തില്‍ കോളിഫോം, എസ്റ്റിമോള്‍ഡ് എന്നിവ അടങ്ങിയതായും വിവരവകാശ രേഖയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.