ലഹരിക്കെതിരെ 'കാപ്പ'; കുറ്റം ആവര്‍ത്തിച്ചാല്‍ കരുതല്‍ തടങ്കല്‍: കര്‍ശന നടപടിയുമായി സര്‍ക്കാര്‍

ലഹരിക്കെതിരെ 'കാപ്പ'; കുറ്റം ആവര്‍ത്തിച്ചാല്‍ കരുതല്‍ തടങ്കല്‍:  കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയാറാക്കാനും ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാപ്പ ചുമത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് മാസത്തിലൊരിക്കല്‍ ഉന്നതതല അവലോകന യോഗം ചേരും. ഇതിനിടെ ചീഫ് സെക്രട്ടറിയുടെ പരിശോധനയും വിലയിരുത്തലും നടത്തണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും.

ലഹരി ഉപയോഗം തടയുന്നതിന് ആരാധനാലയങ്ങള്‍ വഴി കൂടുതല്‍ പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കും. പോസ്റ്ററില്‍ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തും.

വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം.

എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗം/വിതരണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതല ജനജാഗ്രതാ സമിതികള്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഇതില്‍ എക്‌സൈസ്/പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

മന്ത്രിമാരായ എം.വി ഗോവിന്ദന്‍, പി. രാജീവ്, ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, എക്‌സൈസ് കമ്മീഷണര്‍ എസ്. അനന്ത കൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.