നായയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

നായയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

തിരുവനന്തപുരം: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഇതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഓഗസ്റ്റ് 14ന് പാല്‍ വാങ്ങാന്‍ പോകവേ പെരുനാട് കാര്‍മല്‍ എഞ്ചിനീയറിങ് കോളജ് റോഡില്‍ വച്ചാണ് പന്ത്രണ്ടുവയസുകാരിയെ തെരുവുനായ ആക്രമിച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകളും ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനി അഭിരാമിയെയാണ് നായ ആക്രമിച്ചത്. രണ്ട് കാലില്‍ ആറിടത്തും മുഖത്ത് കണ്ണിനോട് ചേര്‍ന്നും നായയുടെ കടിയേറ്റിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്‌സിനും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് വാക്‌സിനുകളും സ്വീകരിച്ചു. നാലാമത്തെ കുത്തിവയ്പ്പ് ഈ മാസം പത്തിന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ദേശിച്ചിരുന്നു.

അഭിരാമിയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും എക്‌സ്റേ എടുത്തതില്‍ കുഴപ്പമില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് വീട്ടില്‍ വിടുകയായിരുന്നു. എന്നാല്‍ ഇന്നലെ കുട്ടിയുടെ നില കൂടുതല്‍ വഷളായി. വായില്‍ നിന്ന് പത വന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.