വിഴിഞ്ഞം: ആശങ്കകള്‍ അവസാനിക്കുമെങ്കില്‍ സമവായം സാധ്യമെന്ന് സമര സമിതി; എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തി

വിഴിഞ്ഞം: ആശങ്കകള്‍ അവസാനിക്കുമെങ്കില്‍ സമവായം സാധ്യമെന്ന്  സമര സമിതി;  എം.വി ഗോവിന്ദനുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതി നേതാക്കളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചര്‍ച്ച നടത്തി. എ.കെ.ജി സെന്ററില്‍ ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച. വിഴിഞ്ഞം പ്രശ്‌നത്തില്‍ സിപിഎമ്മിന്റെ ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായി ചര്‍ച്ചയ്ക്കു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.

മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്ന ഉറപ്പാണ് എം.വി ഗോവിന്ദന്‍ നല്‍കിയത്. മാത്രമല്ല മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ നടപടികള്‍ ഊര്‍ജിതമാക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വച്ചു.

എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും സ്വീകരിച്ചത്.

വിഷയത്തില്‍ അതി രൂപതയ്ക്ക് തുറന്ന മനസാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ തിങ്കളാഴ്ച്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകള്‍ അവസാനിക്കുമെങ്കില്‍ സമവായം സാധ്യമാണെന്നും സമര സമിതി കണ്‍വീനര്‍ ഫാ.യൂജിന്‍ പെരേര അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കുന്നതടക്കമുള്ള ഏഴ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം നാല്‍പ്പത് ദിവസം പിന്നിട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.