5 ജി സേവനം: എട്ടു നഗരങ്ങളില്‍ ഇന്നു തന്നെയെന്ന് എയര്‍ടെല്‍; ദീപാവലി ദിനത്തിലെന്ന് ജിയോ; മത്സരിച്ച് കമ്പനികള്‍

5 ജി സേവനം: എട്ടു നഗരങ്ങളില്‍ ഇന്നു തന്നെയെന്ന് എയര്‍ടെല്‍; ദീപാവലി ദിനത്തിലെന്ന് ജിയോ; മത്സരിച്ച് കമ്പനികള്‍

ന്യൂഡല്‍ഹി: 5 ജി സേവനത്തിന് തുടക്കമിടാന്‍ മത്സരിച്ച് കമ്പനികള്‍. എയര്‍ടെല്‍ ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ ഇന്നു തന്നെ 5 ജി സേവനം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ നാലു മെട്രോകളില്‍ അടക്കം ഈ സേവനം ലഭിക്കും. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.

ഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. രാജ്യത്ത് 5 ജി ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടും. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ 5 ജി സേവനം ലഭ്യമാകാന്‍ അടുത്ത വര്‍ഷം വരം കാത്തിരിക്കണം.

ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറാന്‍ ഇത് കളമൊരുക്കുമെന്നും ബിര്‍ള കൂട്ടിച്ചേര്‍ത്തു.

2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിന്‍ ആന്റ് മെറ്റാവേര്‍സ് തുടങ്ങിയ 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതിക വിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതിക വിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു.

5ജി മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിപാലനം എന്നിവ് സംഭാവന ചെയ്യും. നഗരഗ്രാമ വ്യത്യാസം ഇല്ലാതാക്കും ചെറുകിട സംരംഭ മേഖലയെ പിന്തുണയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലയിലും എത്തിക്കുന്നതിലൂടെ 5ജിയ്ക്ക് ഇന്ത്യയെ ലോകത്തെ ഇന്റലിജന്‍സ് തലസ്ഥാനമാക്കി മാറ്റാനാവുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഡല്‍ഹി പ്രഗതി മൈതാനില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സ് വേദിയില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ദേവു സിങ് ചൗഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.