കൊച്ചി: വിമാനത്താവളങ്ങളില്‍ കസ്റ്റംസിന്റെ സ്വര്‍ണവേട്ട മുറുകുമ്പോള്‍ കടത്തുകാര്‍ പല പുതിയ പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ പുതിയ രീതി പ്രയോഗിച്ച യാത്രക്കാരന്‍ വലയില്‍ കുടുങ്ങിയെങ്കിലും കസ്റ്റംസ് പോലും ഞെട്ടി.
ഈ മാസം 10 ന് ദുബായില്‍ നിന്നും സ്പൈസ് ജെറ്റില്‍ നെടുമ്പാശേരിയില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് നൂതന രീതിയില്‍ സ്വര്‍ണ്ണം കടത്തി കസ്റ്റംസിന്റെ വലയിലായത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ ബാത്ത് ടൗവ്വലുകള്‍ മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടു വന്നത്.
വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെയാണ് പുതിയ തന്ത്രം സ്വീകരിച്ചത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.
ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് വിശദ പരിശോധന നടത്തിയതോടെ സമാന രീതിയില്‍ അഞ്ച് തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗത്തിന്റെ കസ്റ്റംസിനും ബോധ്യം വന്നത്.
പിടികൂടിയ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ സമയമെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ മുക്കിയ തോര്‍ത്തുകള്‍ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കയ്യുറകളില്‍ വരെ സ്വര്‍ണത്തിന്റെ അംശം പറ്റിപ്പിടിച്ചു. അഞ്ച് ബാത്ത് ടൗവ്വലുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.
അതി സങ്കീര്‍ണമായ മാര്‍ഗം ഉപയോഗിച്ചാണ് ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുക. സുരക്ഷാ കാരണങ്ങളാല്‍ ഇത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ആദ്യമായാണ് ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നത് ശ്രദ്ധയില്‍പെട്ടതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.