ആണവായുധ നിയന്ത്രണ ഉടമ്പടിയില്‍ ചര്‍ച്ച നടത്താനൊരുങ്ങി അമേരിക്കയും റഷ്യയും; ശുഭസൂചനയോ ?

ആണവായുധ നിയന്ത്രണ ഉടമ്പടിയില്‍ ചര്‍ച്ച നടത്താനൊരുങ്ങി അമേരിക്കയും റഷ്യയും; ശുഭസൂചനയോ ?

വാഷിങ്ടണ്‍: ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായി ആണവായുധ നിയന്ത്രണ ഉടമ്പടിയില്‍ ചര്‍ച്ച നടത്താന്‍ അമേരിക്കയും റഷ്യയും തമ്മില്‍ ധാരണ. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ആണവായുധ നിയന്ത്രണ പരിശോധനകള്‍ പുനരാരംഭിക്കുന്നതും ചര്‍ച്ചയില്‍ വിഷയമാകും.

യുദ്ധത്തെതുടര്‍ന്ന് കടുത്ത ഭിന്നതയിലായ അമേരിക്കയും റഷ്യയും തമ്മില്‍ നിലവിലുള്ള ആണവ ഉടമ്പടിയെക്കുറിച്ച് സമീപഭാവിയില്‍തന്നെ ചര്‍ച്ച നടത്തുമെന്ന് നെഡ് പ്രൈസ് അറിയിച്ചു.

ഇരു രാജ്യങ്ങളുടെയും അണുവായുധ ഉപയോഗം കുറയ്ക്കുന്ന സ്റ്റാര്‍ട്ട് ഉടമ്പടി (START - Strategic Arms Reduction Treaty) 2010ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദെവുമാണ് ഒപ്പിട്ടത്. ബൈഡന്‍ അന്നു വൈസ് പ്രസിഡന്റായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ട് ആണവായുധ ശേഖരത്തെ നിയന്ത്രിക്കുന്നതില്‍ അവശേഷിക്കുന്ന ഒരേയൊരു ഉടമ്പടിയാണിത്.

ആണവായുധ വിന്യാസം നിയന്ത്രിക്കാനും ഭൗമ, അന്തര്‍വാഹിനി മിസൈലുകളുടെയും ബോംബര്‍മാരുടെയും എണ്ണം നിയന്ത്രിക്കാനുമാണ് സ്റ്റാര്‍ട്ട് ഉടമ്പടി. ഉടമ്പടി പ്രകാരം ആണവായുധ കേന്ദ്രങ്ങളില്‍ പരിശോധനയും വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യം ജോ ബൈഡന്‍ പ്രസിഡന്റായ ഉടന്‍ തന്നെ സ്റ്റാര്‍ട്ട് ഉടമ്പടി അഞ്ച് വര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു.

അതേസമയം, കോവിഡ് മഹാമാരിയെതുടര്‍ന്നും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്നും 2020 മാര്‍ച്ച് മുതല്‍ ആണവായുധങ്ങളുടെ ഓണ്‍-സൈറ്റ് പരിശോധന ഇരുപക്ഷവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ പരിശോധനകള്‍ പുനരാരംഭിക്കുന്നത് വരാനിരിക്കുന്ന ചര്‍ച്ചകളില്‍ മുഖ്യവിഷയമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തില്‍ കരാറിന്മേല്‍ ചര്‍ച്ച നടത്താന്‍ മോസ്‌കോ താല്‍പ്പര്യം പ്രകടിപ്പിച്ചത് ശുഭസൂചനയായാണ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

അതേസമയം, ഉക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചയുടെ ഭാഗമാകില്ലെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചിട്ടുണ്ട്. ചര്‍ച്ച നടക്കുന്ന തീയതിയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ വര്‍ഷാവസാനത്തിന് മുമ്പ് ഈജിപ്തില്‍ വെച്ച് നടത്തിയേക്കുമെന്ന് ഉദ്യോഗസ്ഥരില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.