ബ്രിട്ടനില്‍ കോട്ടയം സ്വദേശിയായ നഴ്‌സും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ബ്രിട്ടനില്‍ കോട്ടയം സ്വദേശിയായ നഴ്‌സും രണ്ട് കുട്ടികളും  കൊല്ലപ്പെട്ടു; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സായ യുവതിയും കുഞ്ഞുങ്ങളും വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. കെറ്ററിങ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജീവ(6), ജാന്‍വി (4) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു(52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് കണ്ണൂരില്‍നിന്നുമാണ് കുടുംബം മിഡ്‌ലാന്‍സിലെ കെറ്ററിങ്ങില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് യു.കെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍ കുത്തിത്തുറന്നപ്പോഴാണ് മൂവരെയും ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിന്റെ വിശദ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

'ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് കുതിച്ചെത്തി വീടിനുള്ളിലേക്ക് കയറിയത്. താമസിയാതെ രണ്ടുതവണ എയര്‍ ആംബുലന്‍സ് പറന്നുപൊങ്ങുന്നതു കണ്ടു' എന്നു മാത്രമാണ് അയല്‍വാസികള്‍ നല്‍കിയ വിവരം. വീടിനു സമീപത്തുനിന്നും പൊലീസ് ഒരു കാര്‍ നീക്കം ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു വിശദീകരിച്ചു.

സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. നേരത്തെ ഇയാള്‍ ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായിരുന്നു.

മലയാളി കുടുംബത്തിനുണ്ടായ ഈ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടനിലെ മലയാളികള്‍. അടുത്ത സുഹൃത്തുക്കള്‍ക്കുപോലും സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത സാഹചര്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.